പള്ളുരുത്തി: വീടിനുള്ളിൽ അകപ്പെട്ട ആന്റണിയെ കണ്ടപ്പോൾ ആൻഡ്രൂസിന് മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. ആന്റണിയെ തോളിലേറ്റി പുറത്തേക്കിറങ്ങിയപ്പോൾ അതു പോലീസിന്റെ സേവനം എന്നതിനു പുറമെ തീരദേശ ജനതയുടെ മനസിനെ വല്ലാതെ ആകർഷിച്ച സംഭവമായിമാറി. ശക്തമായ കടൽക്ഷോഭത്തിൽ ജീവിതം ദുരിത പൂർണമായ ചെല്ലാനം നോർത്തിലെ ബസാർ ഭാഗത്ത് രക്ഷാപ്രവർത്തനത്തിന് എത്തിയ കണ്ണമാലി പോലീസിന്റെ സേവനമാണു കൈയ്യടി ഏറ്റുവാങ്ങിയത്.
ഈ ഭാഗങ്ങളിലെ വീടുകളിൽ വെള്ളം കയറിയതോടെ ആളുകളെ മാറ്റിപാർപ്പിക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചു. നാട്ടുകാരും പോലീസും ചേർന്നു മിക്കവരെയും ദുരിതാശ്വാസ ക്യാന്പുകളിലേക്കു മാറ്റി. ആരെങ്കിലും വീടുകളിൽ കുടുങ്ങിക്കിടപ്പുണ്ടോ എന്നറിയുന്നതിനായി നടത്തിയ തെരച്ചിലിലാണ് കണ്ണമാലി സ്റ്റേഷനിലെ സിപിഒയായ ആൻഡ്രൂസ് ആ കാഴ്ച കാണുന്നത്.
നടക്കാൻ കഴിയാത്ത പള്ളിത്തോട് സ്വദേശി ആന്റണി(65) വീടിനുള്ളിൽ അകപ്പെട്ടുകിടക്കുന്നു. മറ്റൊന്നും ആലോചിക്കാതെ വീടിനുള്ളിലേക്കു പാഞ്ഞുകയറിയ ആൻഡ്രൂസ് ആന്റണിയെ തോളിലേറ്റി മുട്ടോളം വെള്ളത്തിൽ റോഡിലെത്തിക്കുകയായിരുന്നു.
റോഡിൽ നിർത്തിയിട്ടിരുന്ന പോലീസ് ജീപ്പിലാണ് ആന്റണിയെ ദുരിതാശ്വാസ ക്യാന്പിലേക്ക് മാറ്റിയത്. അപകടത്തിൽപ്പെട്ടതിനെത്തുടർന്നു കാലിൽ തുന്നലിട്ട് വീട്ടിൽ വിശ്രമത്തിലായിരുന്നു ആന്റണി. പോലീസുകാരന്റെ ഈ മനസിന് സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണു ലഭിച്ചിരിക്കുന്നത്.