കുറവിലങ്ങാട്: സേവനത്തിനു വണ്ടിയും വനിതാ പോലീസുമില്ലാത്തത് കുറവിലങ്ങാട് പോലീസിന് തലവേദനയാകുന്നു. ആകെയുള്ള രണ്ട് വനിതാ പോലീസ് ഏതെങ്കിലും അന്വേഷണത്തിന് പോയാൽ സ്റ്റേഷൻ പരിധിയിലെ വനിതാ കുറ്റവാളികളെ പിടികൂടാനോ ചോദ്യം ചെയ്യാനോ മറ്റ് സ്റ്റേഷനിൽനിന്ന് ആളെത്തേണ്ട സ്ഥിതിയാണ് ഇവിടെയുള്ളത്.
കഴിഞ്ഞ ദിവസം മോഷണക്കേസിൽ പിടിയിലായ വനിതകളെ പരിശോധിക്കാനും ചോദ്യം ചെയ്യാനും കടുത്തുരുത്തിയിൽനിന്നു വനിതാ പോലീസ് എത്തേണ്ടിവന്നു. സ്റ്റേഷനിലുള്ള രണ്ട് വനിതാ പോലീസ് ഒരു കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് അന്യസംസ്ഥാനത്താണ്.
വാഹനത്തിന്റെ കാര്യത്തിലും ദാരിദ്ര്യത്തിലാണ് പോലീസ്. രണ്ട് ജീപ്പ് കണക്കിലുണ്ടെങ്കിലും ഒരെണ്ണം പൂർണമായി ഉപയോഗത്തിലെത്തിക്കാൻ പലപ്പോഴും കഴിയാറില്ല. ഇന്നലെ രണ്ട് ജീപ്പുകളിലൊന്ന് പണിപ്പുരയിലായിരുന്നു. ഉപയോഗയോഗ്യമായ ജീപ്പ് ഔദ്യോഗിക ആവശ്യവുമായി കോട്ടയത്തിന് പോയിരിക്കുകയായിരുന്നു. ഇന്നലെ വിവിധ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് സ്വന്തം വാഹനങ്ങളുമായാണ് എത്തിയത്.