പാലക്കാട്: വിരമിച്ച ജീവനക്കാർക്ക് താത്കാലിക നിയമനം നല്‍കാനുള്ള റെയിൽവേ നീക്കത്തിനെതിരേ എം.ബി.രാജേഷ് എംപി റെയിൽവേമന്ത്രി പിയൂഷ് ഗോയലിനും പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ നരേഷ് ലാൽവാനിക്കും കത്തയച്ചു.കേന്ദ്രസർക്കാർ പിന്തുടരുന്ന നയമാണ് റെയിൽവേയിൽ സ്ഥിരനിയമനത്തിനു തടസമാകുന്നത്.
കേന്ദ്രസർക്കാർ നയം തിരുത്തി അതിനുമുന്പായി താത്കാലിക നിയമനം നടത്തുന്നുവെങ്കിൽ വിരമിച്ചവർക്കുപകരം യോഗ്യരായ ചെറുപ്പക്കാരെയാണ് പരിഗണിക്കേണ്ടത്. ചെറുപ്പക്കാർക്ക് താത്കാലിക നിയമനങ്ങളിൽപോലും അവസരം നല്‍കില്ലെന്ന നിലപാട് അംഗീകരിക്കാനാകില്ല. റെയിൽവേ സ്വകാര്യവത്കരണത്തിന് ആക്കംകൂട്ടുന്നതുകൂടിയാണ് ഈ തീരുമാനം.
അഭ്യസ്തവിദ്യരും തൊഴിൽരഹിതരുമായ ലക്ഷക്കണക്കിനു യുവാക്കളോടുള്ള സർക്കാരിന്റെ വഞ്ചനയാണിത്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന വാഗ്ദാനം നല്കി അധികാരത്തിലെത്തിയവർ ഉള്ള അവസരംപോലും നിഷേധിക്കുകയാണ്. ഈ തീരുമാനം ഉപേക്ഷിക്കാൻ റെയിൽവേ തയാറാകണം.
നിലവിലുള്ള നിരവധി ഒഴിവുകൾ റെയിൽവേയുടെ കാര്യക്ഷമമായ പ്രവർത്തനത്തെ ബാധിക്കുമെന്നതിനാൽ മുഴുവൻ ഒഴിവുകളും നിയമാനുസൃത സ്ഥിരനിയമനങ്ങളിലൂടെ നികത്തണമെന്നും എം.ബി.രാജേഷ് എംപി ആവശ്യപ്പെട്ടു.