കോട്ടയം: മുൻ മന്ത്രി തോമസ് ചാണ്ടി എംഎൽഎ ആലപ്പുഴയിലെ തന്റെ റിസോർട്ടിലേക്ക് നിലം നികത്തി റോഡ് നിർമിച്ചെന്ന പരാതിയിൽ കോടതി നിർദേശത്തെ തുടർന്ന് കോട്ടയം വിജിലൻസ് നടത്തിയ അന്വേഷണം പൂർത്തിയായി. റിപ്പോർട്ട് ഉടനെ കോടതിയിൽ സമർപ്പിക്കും.
വിജിലൻസ് എസ്പി എം.ജോണ്സണ് ജോസഫിനായിരുന്നു അന്വേഷണം ചുമതല. ഡിവൈഎസ്പി എസ്.സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രാഥമിക അന്വേഷണം പൂർത്തിയാക്കി വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് സർപ്പിച്ച് ഡയറക്ടറുടെ നിർദേശ പ്രകാരമാകും കോടതിയിൽ ഹാജരാക്കുക. വിജിലൻസ് കോടതിയിൽ ഹാജരാക്കുന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ട് തോമസ് ചാണ്ടിക്ക് നിർണായകമാണ്.
നിലം നികത്തി റിസോർട്ടിലേക്ക് റോഡ് നിർമിച്ചുവെന്നു ചൂണ്ടിക്കാട്ടി സുരേഷ് എന്നയാൾ നല്കിയ പരാതിയിൽ കോട്ടയം വിജിലൻസ് കോടതിയാണ് ത്വരിതാന്വേഷണം നടത്താൻ ഉത്തരവിട്ടത്. വിജിലൻസ് നല്കുന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തോമസ് ചാണ്ടിക്കെതിരേ കേസെടുക്കണമോ വേണ്ടയോ എന്നു തീരുമാനിക്കുക. മന്ത്രി തണ്ണീർത്തട നിയമം ലംഘിച്ചോ എന്ന് അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്പോഴറിയാം.