ആലപ്പുഴ: മത്സ്യബന്ധനത്തിനുപോയി കടലിൽ കാണാതായ മത്സ്യതൊഴിലാളികളെക്കുറിച്ചുള്ള തീരത്തിന്റെ ആശങ്ക അവസാനിപ്പിച്ച് വീടിന്റെ സുരക്ഷിതത്വത്തിലേക്കവരെത്തി. ചെട്ടികാടുനിന്നും കഴിഞ്ഞ 29ന് മത്സ്യബന്ധനത്തിനുപോയി കടലിൽ കുടുങ്ങിയ ചെട്ടികാട് സ്വദേശികളായ അരേശേരി യേശുദാസ്, ആറാട്ടുകുളങ്ങരയിൽ ജോസഫ്, തുന്പോളി കൊച്ചീക്കാരൻ വീട്ടിൽ ഷാജി, കാട്ടൂർ സ്വദേശി ജോയി, തിരുവിഴ സ്വദേശി സിബിച്ചൻ എന്നിവരാണ് ഇന്ന് പുലർച്ചെ 1.30 ഓടെ വീടുകളിലെത്തിയത്.
കോഴിക്കോട് കോർപ്പറേഷൻ ക്രമീകരിച്ച വാഹനത്തിലാണ് തൊഴിലാളികൾ വീടുകളിലെത്തിച്ചേർന്നത്. ദിവസങ്ങളായി കാത്തിരുന്നവരുടെ വരവ് വീട്ടുകാരോടൊപ്പം ഒരു നാടിനൊന്നാകെയാണ് ആശ്വാസമായത്. നിരവധിയാളുകളാണ് തൊഴിലാളികളെത്തുന്നതും കാത്ത് ഉറക്കമൊഴിച്ചിരുന്നത്. കഴിഞ്ഞ 29ന് ചെട്ടികാട് നിന്നും ജോയൽ എന്ന വള്ളത്തിലാണ്് അഞ്ചംഗസംഘം മത്സ്യബന്ധനത്തിനുപോയത്. 30തിനുണ്ടായ ശക്തമായ കാറ്റിലും മഴയിലും വള്ളം ദിശതെറ്റി കടലിലൊഴുകുകയായിരുന്നു.
ചാവക്കാടിന് 300 നോട്ടിക്കൽ മൈൽ അകലെ നടുക്കടലിൽ നങ്കൂരമിട്ട ഇവർ രണ്ട് ദിവസം രക്ഷകരെയും കാത്ത് കടലിൽ കഴിച്ചുകൂട്ടി. ഇതിനിടയിൽ വള്ളത്തിലെ ഇന്ധനവും തീരാറായിരുന്നു. ആശങ്കയോടെ മണിക്കൂറുകൾ തള്ളിനീക്കുന്നതിനിടയിലാണ് കോസ്റ്റ് ഗാർഡിന്റെ ഡോണിയർ വിമാനത്തിന്റെ തിരച്ചിലിൽ ഇവരെ കണ്ടെത്തിയത്.
തുടർന്ന് കോസ്റ്റ്ഗാർഡിന് വിവരം കൈമാറുകയും കപ്പലെത്തി മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് ബേപ്പൂർ പുറംകടലിലെത്തിക്കുകയും പിന്നീട് മറൈൻ എൻഫോഴ്സ്മെന്റിന്റെ ബോട്ടിൽ തീരത്തെത്തിക്കുകയുമായിരുന്നു. പ്രാഥമിക ചികിത്സ നൽകിയശേഷം ഇവരെ കോർപ്പറേഷൻ ഏർപ്പെടുത്തിയ വാഹനത്തിൽ ആലപ്പുഴയിലേക്കയക്കുകയുമായിരുന്നു.