കൽപ്പറ്റ: രാജ്യത്തെ ഏറ്റവും വലിയ ഒഴുകുന്ന സോളാർപാടത്തിൽ നിന്നുള്ള വൈദ്യുതി ഇന്നുമുതൽ രാജ്യത്ത് പ്രകാശം പരത്തും. പടിഞ്ഞാറത്തറ ബാണാസുരസാഗർ അണക്കെട്ടിൽ സ്ഥാപിച്ച 500 കിലോവാട്ട് ശേഷിയുള്ള സൗരോർജ നിലയം പ്രാവർത്തികമാകുന്നതോടെ പുതിയൊരു ചുവടുവയ്പ്പാണ് കെഎസ്ഇബി നടത്തുന്നത്.
സൗരോർജ്ജം പരമാവധി ഉപയോഗപ്പെടുത്തണമെന്ന കെഎസ്ഇബിയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ബാണാസുരസാഗർ പുതിയ പരീക്ഷണങ്ങൾക്ക് വേദിയായത്. രാജ്യത്തെ ഏറ്റവും വലിയ ഫ്ളോട്ടിംഗ് സോളാർ വൈദ്യുതിനിലയം ഇന്ന് വൈകുന്നേരം മൂന്നിന് സംസ്ഥാന വൈദ്യുതിമന്ത്രി എം.എം. മണി നാടിന് സമർപ്പിക്കും. ഇതോടെ പാരന്പര്യേതര ഉൗർജസ്രോതസ്സുകൾ ഉപയോഗിച്ച് ഉൽപാദനച്ചെലവ് കുറയ്ക്കുകയും ഗുണമേ·യുള്ള വൈദ്യുതി ലഭ്യമാക്കുകയും ചെയ്യുകയെന്ന കഐസ്ഇബിയുടെ ലക്ഷ്യമാണ് യാഥാർഥ്യമാകുന്നത്.
വയനാട് ബാണാസുര ഡാം റിസർവോയറിൽ 2015 ലാണ് സോളാർ വൈദ്യുതി പദ്ധതി ഉൽപാദനം പരീക്ഷിച്ചത്. 30 ലക്ഷം രൂപ ചെലവഴിച്ച് കമ്മന സ്വദേശികളായ അജയ് തോമസും വി.എം. സുധിനും നടത്തിയ പരീക്ഷണമാണ് വിജയകരമായത്. വെള്ളത്തിന് മുകളിൽ ഉയർന്നുനിൽക്കുന്ന പ്ലാറ്റ്ഫോമുകളിലാണ് സൗരോർജ പാനലുകൾ സ്ഥാപിച്ച് പരീക്ഷണ വൈദ്യുത ഉൽപാദനം നടത്തിയത്.
ബാണാസുരസാഗർ അണക്കെട്ടിന് മുകളിലെ നടപ്പാതയ്ക്ക് മേൽക്കൂരയായി 285 മീറ്റർ ദൂരത്തിൽ സ്ഥാപിച്ച 400 കിലോവാട്ട് റൂഫ് ടോപ്പ് സോളാർ നിലയത്തിനും അണക്കെട്ടിലെ ജലാശയത്തിൽ സ്ഥാപിച്ച 10 കിലോവാട്ട് ഫ്ളോട്ടിംഗ് സോളാർ നിലയം എന്നിവയ്ക്ക് കേന്ദ്ര സർക്കാരിന്റെ മികച്ച ഇന്നവേറ്റീവ് പദ്ധതിക്കുള്ള പുരസ്കാരം ലഭിച്ചിരുന്നു.
ഇത് വിജയം കണ്ടതോടെയാണ് 2015 ജനുവരിയിൽ മുൻ വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദ് 9.25 കോടി രൂപയുടെ പദ്ധതി ആവിഷകരിച്ച് രാജ്യത്തെ ഏറ്റവും ശേഷിയുള്ള ഫ്ളോട്ടിംഗ് സോളാർ നിലയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. സംസ്ഥാന സർക്കാരിന്റെ ഇന്നവേഷൻ ഫണ്ടിൽനിന്നും ഏഴുകോടിയും നബാർഡ് വായ്പയായി 2.25 കോടി രൂപയും ചേർത്താണ് 9.25 കോടി രൂപ പദ്ധതിക്കായി ചെലവഴിച്ചത്.
ഒരു മെഗാവാട്ട് ശേഷിയുള്ള സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്നതിന് നാല് ഏക്കറിൽ കൂടുതൽ സ്ഥലം വേണമെന്നാണ് കണക്ക്. സോളാർപാടങ്ങൾ സ്ഥാപിക്കുന്പോൾ ആവശ്യമായ ഭൂമിയുടെ പ്രശ്നം റിസർവോയറിലെ സോളാർപാടങ്ങൾക്കില്ല. വിദേശസാങ്കേതികവിദ്യയായ ആങ്കറിംഗ് വിദ്യ ഉപയോഗിച്ചാണ് ജലനിരപ്പിന്റെ വ്യതിയാനത്തിനൊത്ത് വൈദ്യുത നിലയത്തെ യഥാസ്ഥാനത്ത് നിലനിർത്തുന്നത്. വേനലിലും മഴക്കാലത്തും റിസർവോയറിൽ ജലനിരപ്പ് ഗണ്യമായി താഴുകയും ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നിലയത്തെ ഉറപ്പിച്ചുനിർത്തുന്നതിനു ആങ്കറിംഗ് വിദ്യ ഉപയോഗപ്പെടുത്തുന്നത്.
1.25 ഏക്കറോളം വിസ്തൃതിയിലാണ് ബാണാസുര ഡാമിൽ ഫെറോസിമന്റ് സാങ്കേതിക വിദ്യയിൽ 18 ഫ്ളോട്ടിംഗ് പ്ലാറ്റ്ഫോമുകളിലായി 1938 സോളാർ പാനലുകൾ ഘടിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ദിവസവും 2000 യൂണിറ്റ് വൈദ്യുതി ഇവിടെ നിന്നും ലഭ്യമാവും. സോളാർ പാടത്തിൽ തന്നെ റിമോട്ട് കണ്ട്രോൾ ചെയ്യാവുന്ന സബ്സ്റ്റേഷനും സ്ഥാപിച്ചിട്ടുണ്ട്.
17 സ്ട്രിംഗ് ഇൻവെർട്ടറുകൾ ഉപയോഗിച്ച് ഡിസി യിൽ നിന്നും എസി യാക്കിയ ശേഷം വൈദ്യുതി 11 കെവി യിലേക്ക് ട്രാൻസ്ഫോം ചെയ്ത ശേഷമാണ് അണ്ടർ വാട്ടർ കേബിൾ വഴി സമീപത്തെ പടിഞ്ഞാറത്തറ 33 കെവി സബ്സ്റ്റേഷനിലേക്ക് എത്തിക്കുന്നത്. ഫ്ളോട്ടിംഗ് നിലയത്തിൽത്തന്നെ 11 കെവി സബ്സ്റ്റേഷനും സ്ഥാപിച്ച രാജ്യത്തെ ആദ്യ പദ്ധതിയാണിത്. പ്രതി വർഷം 7200 ലക്ഷം യൂണിറ്റ് വൈദ്യുതി ഇതിലൂടെ ഉൽപാദിപ്പിക്കാമെന്നാണ് കഐസ്ഇബി പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം ആസ്ഥാനമായുള്ള ആഡ്ടെക്ക് സിസ്റ്റം എന്ന സ്വകാര്യ ഏജൻസിയാണ് രണ്ട് വർഷം കൊണ്ട് പദ്ധതിയുടെ നിർമാണം പൂർത്തിയാക്കിയത്. ഫ്ളോട്ടിംഗ് ബെയ്സുകളുടെ നിർമാണം പൂർത്തിയായിട്ടും കാലാവസ്ഥാ പ്രതികൂലമായതിനാൽ ആറ്മാസത്തോളം വൈകിയാണ് വെള്ളത്തിന് മുകളിലുള്ള രാജ്യത്തെ ഏറ്റവും വലിയ സോളാർ പദ്ധതി പ്രവർത്തനമാരംഭിക്കുന്നത്.
വരുന്ന ഏഴു വർഷവും പദ്ധതിയുടെ അറ്റകുറ്റപ്പണികളും കന്പനി തന്നെയാണ് നിർവഹിക്കുക. നിലയം 25 വർഷം കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കും. 50 വർഷത്തെ ആയുസാണ് കണക്കാക്കുന്നത്. പദ്ധതി കമ്മീഷൻ ചെയ്യുന്നതോടെ ഏഷ്യയിലെ ഏറ്റവും വലിയ മണ്ണണയായ പടിഞ്ഞാറത്തറ ബാണാസുരഡാം ഇന്ത്യയിലെ ആദ്യത്തെ വെള്ളത്തിലുടെ ഒഴുകുന്ന വാണിജ്യാടിസ്ഥനത്തിലുള്ള സൗരോർജ്ജ വൈദ്യുതി ഉൽപാദനകേന്ദ്രമായും അറിയപ്പെടും. സഞ്ചാരികൾക്ക് ഇതൊരു പുതിയ അനുഭവമാകുകയും ചെയ്യും.