പിറവം: പിറവത്ത് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം നിരവധി വീടുകളിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കത്തി നശിച്ച് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. പുതിയ 11 കെവി ലൈൻ വലിക്കാൻ ഇതര സംസ്ഥാനതൊഴിലാളികളെ കരാറുകാരൻ ഏൽപ്പിച്ചതും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്ത് ഇല്ലാതിരുന്നതുമാണ് സംഭവത്തിന് കാരണമായത്.
പള്ളിക്കാവ് ഫീഡർ സ്ഥിതിചെയ്യുന്ന സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ അകലെ പാറേക്കുന്ന് ക്ഷേത്രത്തിന് സമീപം പുതിയ 11 കെവിയുടെ ട്രാൻസ്ഫോർമർ. ഇതിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയ പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. നിലവിലുള്ള വൈദ്യുതി ലൈനുകളും പുതിയ പോസ്റ്റുകളിലൂടെയാണ് വലിച്ചിരിക്കുന്നത്. പള്ളിക്കാവ് ക്ഷേത്രത്തിന് സമീപത്തെ പുതിയ പോസ്റ്റിന്റെ സ്റ്റേകന്പി വൈദ്യുതി ലൈൻ പ്രവഹിക്കുന്ന കന്പികൾക്കിടയിലൂടെയാണ് വലിച്ചത്. ഇതു മൂലം ലൈനുകളിൽ ഉരഞ്ഞ് വോൾട്ടേജ് വ്യത്യാസം സംഭവിച്ച് ഇലക്ട്രിക് ഉപകരണങ്ങൾ നശിക്കുകയായിരുന്നു.
കുരിയിൽ പൗലോസിന്റെ വസതിയിലെ ഫ്രിഡ്ജ്, വാഷിംഗ് മെഷിൻ, ടിവി, ഫാൻ തുടങ്ങിയ നിരവധി ഉപകരണങ്ങൾ നശിച്ചിട്ടുണ്ട്. സമീപത്തെ കണിയാംപറന്പിൽ ഹരിയുടെ എൽഇഡി ടിവി, ക്യാമറ, മൊബൈൽ ഫോണ് എന്നിങ്ങനെ ഒട്ടനവധി ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നശിച്ചു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നറിയാതെ നാട്ടുകാർ അന്വേഷണം നടത്തിയപ്പോഴാണ് പുതിയ ലൈൻ വലിച്ചപ്പോഴുള്ള പാകപ്പിഴ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരുടെ ആവശ്യപ്രകാരം വൈദ്യുതി ബന്ധം വിഛേദിക്കുകയും ചെയ്തു.
നഗരസഭ ചെയർമാൻ സാബു കെ. ജേക്കബ് അടക്കമുള്ളവർ ഇവിടെ എത്തുകയും കെഎസ്ഇബി അധികൃതരുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. നാട്ടുകാരുടെ പ്രതിഷേധം രൂക്ഷമായപ്പോൾ ഉച്ചകഴിഞ്ഞ് പിറവത്തെ അസിസ്റ്റന്റ് എൻജിനിയർ ചന്ദ്രികയും സ്ഥലത്തെത്തി. നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് പോലീസ് സംരക്ഷണത്തിലാണ് അസിസ്റ്റന്റ് എൻജിനിയർ വന്നത്.
സമീപ പ്രദേശങ്ങളിൽ പുതിയതായി സ്ഥാപിച്ച വൈദ്യുതി പോസ്റ്റുകളുടെ സ്റ്റേ കന്പികൾ സമാന രീതിയിൽ വൈദ്യുതി ലൈനുകൾക്കുള്ളിലൂടെയാണ് വലിച്ചിരിക്കുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. എന്നാൽ ഇതൊന്നും പരിശോധിക്കാൻ തയാറാകാതെ ഇവർ സ്വകാര്യ ആവശ്യങ്ങളുണ്ടെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു. ഇതു നാട്ടുകാർക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ട പരിഹാരം നൽകാമെന്നും ഇതിന്റെ വിവരങ്ങൾ ഓഫീസിൽ നൽകണമെന്നും അസിസ്റ്റന്റ് എൻജിനിയർ ചന്ദ്രിക നാട്ടുകാരോട് പറഞ്ഞു. ഇതനുസരിച്ച് നഷ്ടപരിഹാരത്തിന്റെ വിവരങ്ങൾ സമർപ്പിക്കാനൊരുങ്ങുകയാണ് നാട്ടുകാർ.