തളിപ്പറമ്പ്: സ്വന്തം ചരമവാർത്തയും ചരമപരസ്യവും പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചശേഷം സ്ഥലംവിട്ട തളിപ്പറമ്പിലെ മേലൂക്കുന്നേല്‍ ജോസഫിനെ(75) കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തളിപ്പറന്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചത്. ഇദ്ദേഹം ഉപയോഗിച്ചിരുന്ന രണ്ടു മൊബൈല്‍ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്തനിലയിലാണ്.
വീട്ടുകാരുമായോ മറ്റു ബന്ധുക്കളുമായോ അദ്ദേഹം കഴിഞ്ഞ 30 ന് രാത്രി 11 നുശേഷം ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. ജോസഫിനെ കണ്ടെത്താന്‍ കര്‍ണാടക, കൊങ്കണ്‍ മേഖലകളിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെങ്കിലും അന്വേഷണത്തില്‍ നേരിയ സൂചനപോലും ലഭിച്ചിട്ടില്ല.
പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിലെ ടൂറിസ്റ്റ് ഹോമില്‍നിന്ന് 30 ന് രാവിലെ അപ്രത്യക്ഷനായ ജോസഫിനെ കണ്ടെത്തുന്നതിന് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
എഎസ്ഐ ശങ്കരന്റെ നേതൃത്വത്തിൽ മംഗളൂരു നഗരത്തില്‍ അന്വേഷണം നടത്തിയെങ്കിലും കാര്യമുണ്ടായില്ല. ഇന്നലെ കങ്കനാടി ഉള്‍പ്പെടെ കൊങ്കണ്‍ മേഖലയിലെ റെയില്‍വേ സ്റ്റേഷനുകളില്‍ പരിശോധന നടത്തിയെങ്കിലും യാതൊരു വിവരവും കിട്ടിയില്ല. ബല്‍ത്തങ്ങാടി, നെല്യാടി, തോട്ടത്താടി പ്രദേശങ്ങളില്‍ ജോസഫിന് ചില സുഹൃത്തുക്കള്‍ ഉള്ളതായി വിവരം ലഭിച്ചതിനാല്‍ ഈ ഭാഗത്തും അന്വേഷണം നടത്തുന്നുണ്ട്.