പൂച്ചാക്കല്‍: കോല്‍ക്കത്തയ്ക്കു പോയ വിമുക്ത ഭടന്മാരായ സഹോദരങ്ങളെ വിഷം ഉള്ളില്‍ ചെന്നു മരിച്ചനിലയില്‍ കണ്ടെത്തി. സ്വര്‍ണ വ്യാപാരവുമായി ബന്ധപ്പെട്ടു കോല്‍ക്കത്തയിലെത്തിയ പാണാവള്ളി പള്ളിവെളി കുന്നേല്‍വെളി മാമച്ചന് ജോസഫ് (58), കുഞ്ഞുമോന് ജോസഫ് (51) എന്നിവരാണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇവരുടെ സ്വര്‍ണവും പണവും നഷ്ടപ്പെട്ടിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ടു കോല്‍ക്കത്ത സ്വദേശികളായ തൊഴിലാളികളെ പൂച്ചാക്കല്‍ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഞായറാഴ്ച കോല്‍ക്കത്തയിലെ ബര്‍ദ്വാന്‍ ജില്ലയിലെ ഉള്ഗ്രാമത്തിലാണു സംഭവമെന്നാണു നാട്ടില്‍ ലഭിച്ചിരിക്കുന്ന വിവരം. അവിടെ ഒരു കേന്ദ്രത്തില്‍ വിഷവാതകം ഉള്ളില്‍ ചെന്നതിനെത്തുടര്‍ന്ന് കോല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രികളിലാണ് ഇരുവരും മരിച്ചതെന്നും അറിയുന്നു.
മൃതദേഹങ്ങള്‍ ഏറ്റെടുക്കുന്നതിനായി ഇന്നലെ ബന്ധുക്കള്‍ കോല്‍ക്കത്തയ്ക്കു തിരിച്ചിട്ടുണ്ട്. ഇവരുടെ പാണാവള്ളിയിലെ വീടിനു സമീപം കോല്‍ക്കത്ത സ്വദേശികളായ തൊഴിലാളികള്‍ വാടകയ്ക്കു താമസിക്കുന്നുണ്ട്.
അവരില്‍ ഒരാള്‍ കോല്‍ക്കത്തയില്‍ വിലക്കുറവില്‍ സ്വര്‍ണം ലഭിക്കുമെന്നു വിശ്വസിപ്പിച്ച് ആദ്യം ഇവരെ അവിടെ എത്തിച്ചിരുന്നെന്നു ബന്ധുക്കള്‍ പറയുന്നു. ഇവര്‍ക്കൊപ്പം സ്വര്‍ണത്തിന്റെ വിശ്വാസ്യത പരിശോധിക്കാന്‍ പൂച്ചാക്കലെ സ്വര്‍ണപ്പണിക്കാരനും പോയിരുന്നു. വില പറഞ്ഞതിനുശേഷം ഒരാഴ്ച മുമ്പു അവര്‍ നാട്ടിലെത്തി. കഴിഞ്ഞ വെള്ളിയാഴ്ച മാമച്ചനും കുഞ്ഞുമോനും വീട്ടില്‍നിന്നു പോയതാണെന്നും പിന്നീട് മരണ വിവരമാണ് അറിയുന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു.
സ്വര്‍ണം നല്‍കാമെന്ന് ഏറ്റ സംഘം വിഷവാതകം ശ്വസിപ്പിക്കുകയോ, സ്പ്രേ ചെയ്യുകയോ ചെയ്തിരിക്കാമെന്നാണ് ബന്ധുക്കളുടെ സംശയം. സ്വര്‍ണം വാങ്ങാനായി കൊണ്ടുപോയ പണവും ദേഹത്തുണ്ടായിരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. 12 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. മാമച്ചന്റെ ഫോണിലേക്കു ബന്ധുക്കള്‍ വിളിച്ചപ്പോഴാണ് ആശുപത്രിയിലാണെന്നും മറ്റുള്ള കാര്യങ്ങളും അറിയുന്നത്. അതേസമയം ആദ്യം ഇടപെട്ട കോല്‍ക്കത്ത സ്വദേശിയെക്കുറിച്ചു പിന്നീട് വിവരങ്ങളില്ല.
ഫോണ്‍ സ്വിച്ച് ഓഫാണ്. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായാണ് ഒപ്പം താമസിച്ചിരുന്ന കോല്‍ക്കത്ത സ്വദേശികളെ പോലീസ് ചോദ്യം ചെയ്യുന്നത്. മാമച്ചന്റെ ഭാര്യ മേരി. മക്കള്‍: സൗമ്യ, ക്ലിഫിന്. മരുമക്കള്‍: സിബി, ആഷ. കുഞ്ഞുമോന്റെ ഭാര്യ ജയന്തി. മക്കള്‍: ആല്ഫിന്,അലക്സ്. പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെ ടെയുള്ള നടപടികള്‍ക്കുശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാരം നടത്തും.