സി.സി.സോമൻ
കോട്ടയം: മരിക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് പത്രങ്ങളിൽ സ്വന്തം ചരമ വാർത്തയും പരസ്യം നല്കിയതെന്നും പിന്നീട് മരിക്കാൻ പറ്റിയില്ലെന്നും കോട്ടയത്ത് പോലീസ് കസ്റ്റഡിയിലായ തളിപ്പറന്പ് കുറ്റിക്കോൽ മേലുക്കുന്നേൽ ജോസഫ് പറയുന്നു. ഇന്നലെ രാത്രിയിൽ തിരുനക്കരയിലെ ഒരു സ്വകാര്യ ലോഡ്ജിൽ നിന്നാണ് ജോസഫിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇദേഹം ഇപ്പോൾ കോട്ടയം വെസ്റ്റ് പോലീസിന്റെ കസ്റ്റഡിയിലാണ്.
കുടുംബ പ്രശ്നത്തെ തുടർന്ന് താൻ മരിക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് സ്വന്തം ചരമ വാർത്തയും പരസ്യവും നല്കിയതെന്നും പിന്നീട് ആലോചിച്ചപ്പോഴാണ് മരിക്കേണ്ടതില്ല എന്നു തീരുമാനിച്ചതെന്നും ഇദേഹം കോട്ടയം പോലീസിനോട് വ്യക്തമാക്കി.
കുടുംബ പ്രശ്നങ്ങൾ എന്താണെന്നു വ്യക്തമാക്കിയിട്ടില്ല. മക്കളുമായി നല്ല സ്വര ചേർച്ചയിലല്ലായിരുന്നുവെന്നു മാത്രമേ പോലീസിനോട് പറഞ്ഞിട്ടുള്ളു. കർണാടകയിൽ പല സ്ഥലത്തും കറങ്ങി നടന്ന ശേഷം ഇന്നലെ രാവിലെയാണ് കോട്ടയത്ത് എത്തിയത്. രാവിലെ ലോഡ്ജിൽ മുറിയെടുത്തപ്പോൾ ആധാർ കാർഡ് നല്കി അതിലെ വിലാസമാണ് രേഖപ്പെടുത്തിയത്. ഉടുപ്പിയിൽ നിന്നാണ് ഇന്നലെ കോട്ടയത്ത് എത്തിയതെന്നും ഇദേഹം വ്യക്തമാക്കി.
മരിക്കാൻ തീരുമാനിച്ചതിന്റെ വ്യക്തമായ കാരണങ്ങളോ പിന്നീട് മരിക്കേണ്ടതില്ല എന്നു തീരുമാനിക്കാൻ എന്താണ് കാരണമെന്നോ ജോസഫ് പോലീസിനോട് പങ്കുവച്ചില്ല. നല്ല വൃത്തിയായി വസ്ത്രധാരണം നടത്തിയാണ് ജോസഫ് നടന്നിരുന്നത്. ഇന്നലെ ലോഡ്ജിൽ വന്നയുടൻ വസ്ത്രങ്ങൾ കഴുകാനായി നല്കിയിരുന്നു. ഇതിനായി 200 രുപയും നല്കി. എപ്പോഴും ക്ലീൻ ഷേവ് ചെയ്ത് വെള്ള ഷർട്ടും വെള്ള മുണ്ടുമാണ് ധരിച്ചിരുന്നത്. ഇദേഹം പോയ സ്ഥലങ്ങളിലെല്ലാം ലോഡ്ജുകളിലെ നല്ല സ്യൂട്ടുകളിലായിരുന്നു താമസം. കോട്ടയത്ത് 1500 രൂപ ദിവസ വാടകയുള്ള സ്യൂട്ടിലായിരുന്നു താമസം.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ കോട്ടയം കാർഷിക വികസന ബാങ്കിലെത്തി സ്വർണമാലയും പണവും ഭാര്യക്ക് അയച്ചുകൊടുക്കാൻ ആവശ്യപ്പെട്ട വിവരം അറിഞ്ഞെത്തിയ പോലീസ് നഗരത്തിലെ ലോഡ്ജുകൾ അരിച്ചു പെറുക്കിയപ്പോഴാണ് ജോസഫിനെ കണ്ടെത്താനായത്.
വെസ്റ്റ് എസ്ഐ എം.ജെ.അരുണിന്റെ നേതൃത്വത്തിൽ മൂന്നു ടീമായി നഗരത്തിലെ ലോഡ്ജുകളിൽ പരിശോധന നടത്തി. ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് തിരുനക്കരയിലെ ലോഡ്ജിൽ പോലീസ് എത്തിയത്. കൈവശമുണ്ടായിരുന്ന ജോസഫിന്റെ ചിത്രം കാണിച്ച് ഇയാൾ ഇവിടെ വന്നിരുന്നോ എന്നു ചോദിച്ചപ്പോൾ ചിത്രം കണ്ട് മനസിലായ ജീവനക്കാരൻ 402 -ാം നന്പർ മുറിയിലുണ്ടെന്ന് അറയിച്ചു. പോലീസ് എത്തി മുറിയിൽ തട്ടി അൽപ്പനേരം കഴിഞ്ഞാണ് ജോസഫ് മുറി തുറന്നത്. പോലീസ് ആണെന്നും നിങ്ങൾ മിസിംഗ് ആണെന്നറിഞ്ഞ് എത്തിയതാണെന്നും അറിയിച്ചു.
പോലീസിനെ കണ്ട് പതറിയ ജോസഫിന് വാക്കുകൾ തൊണ്ടയിൽ കുടുങ്ങി. അൽപ നേരം റിലാസ്ക് ചെയ്യാൻ അനുവദിക്കണമെന്നും അതിനുശേഷം സംസാരിക്കാമെന്നും ജോസഫ് പറഞ്ഞതോടെ പോലീസ് അര മണിക്കൂർ കഴിഞ്ഞാണ് സംസാരം തുടർന്നത്. 1500രൂപ ദിവസ വാടകയുള്ള മുറിയിലാണ് ഇദേഹം താമസിച്ചിരുന്നത്. കുടുംബ പ്രശ്നമാണ് തന്റെ ഈ ഒളിച്ചു പോക്കിന് പിന്നിലെന്നു വെളിപ്പെടുത്തിയ ജോസഫ് കൂടുതൽ ഒന്നും തുറന്നു പറയാൻ തയാറായില്ല. എസ്ഐക്കൊപ്പം എഎസ്ഐമാരായ സുരേഷ് , സന്തോഷ് , സിപിഒമാരായ സുരേഷ് സുനു എന്നിവരും ഉണ്ടായിരുന്നു.
ഇന്നലെ കാർഷിക വികസന ബാങ്കിലെത്തിയ ജോസഫ് സെക്രട്ടറിയോടാണ് ഭാര്യക്ക് പണവും ആഭരണവും അയച്ചുകൊടുക്കാൻ ആവശ്യപ്പെട്ടത്. മേരിക്കുട്ടിയുടെ ഭർത്താവ് ജോസഫ് ഹൃദയാഘാതം മൂലം മരിച്ചെന്നും അതിനാൽ പണവും ആഭരണവും അയച്ചുകൊടുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ബാങ്കിൽ അതിനുള്ള സൗകര്യമില്ലെന്നു പറഞ്ഞ് തിരിച്ചയക്കാൻ ശ്രമിച്ചെങ്കിലും ജോസഫ് പോയില്ല. ഒടുവിൽ തളിപ്പറന്പ് കാർഷിക വികസന ബാങ്ക് സെക്രട്ടറിയെ വിളിച്ച് വിവരം പറഞ്ഞു. പേരും വിലാസവും കേട്ടപ്പോൾ സംഭവം തട്ടിപ്പാണെന്നും സ്വന്തം ചരമവാർത്തയും പരസ്യവും പത്രത്തിന് നല്കി കബളിപ്പിച്ച് പോലീസ് അന്വേഷിക്കുന്നയാളാണെന്നും തളിപ്പറന്പ് സെക്രട്ടറി മറുപടി നല്കി. ഇക്കാര്യം ജോസഫിനോട് ചോദിച്ചതോടെ അയാൾ സ്ഥലംവിട്ടു. സെക്രട്ടറി ഉടനെ വിവരം കോട്ടയം ഡിവൈഎസ്പിയെ അറിയിച്ചു.
ഡിവൈഎസ്പിയുടെ നിർദേശ പ്രകാരം കോട്ടയം വെസ്റ്റ് പോലീസ് ആണ് ലോഡ്ജ് പരിശോധിച്ച് ജോസഫിനെ കണ്ടെത്തിയത്. ജോസഫ് പിടിയിലായ വിവരം തളിപ്പറന്പ് ഡിവൈഎസ്പിയെയും ബന്ധുക്കളെയും അറിയിച്ചിട്ടുണ്ട്. പോലീസ് ഉച്ചയോടെ കോട്ടയത്തെത്തും. കോട്ടയത്തെ പോലീസ് ഇന്നലെ വൈകുന്നേരം മുതൽ റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി സ്റ്റാൻഡ്, പ്രൈവറ്റ് ബസ് സ്റ്റാൻഡുകൾ, ലോഡ്ജുകൾ എന്നിവിടങ്ങളിൽ തെരച്ചിൽ നടത്തി വരികയായിരുന്നു. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു.