ന്യൂയോർക്ക്: ഇന്ത്യൻ വംശജ സ്രാവിന്റെ കടിയേറ്റു മരിച്ച സംഭവത്തിൽ സ്കൂബ ഡൈവിംഗ് കന്പനിക്കെതിരേ ആരോപണവുമായി സുഹൃത്ത് രംഗത്ത്. ന്യൂയോർക്കിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മാനേജരായിരുന്ന ഇന്ത്യൻ വംശജ രോഹിന ഭണ്ഡാരി(49) ആണ് സ്രാവിന്റെ കടിയേറ്റു മരിച്ചത്. സ്കൂബ ഡൈവിംഗ് കന്പനി ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലായിരുന്നുവെന്ന് രോഹിനയുടെ സുഹൃത്ത് ഡോ. ജെഫ്രി ആരോപിച്ചു.
മധ്യഅമേരിക്കൻ രാജ്യമായ കോസ്റ്റാറിക്കയുടെ തീരത്താണ് ആക്രമണത്തിനിരയായത്.വിവിധയിനം സ്രാവുകൾക്കു പേരുകേട്ട കോക്കോസ് ദ്വീപ് തീരത്ത് ഇവർ ഉൾപ്പെട്ട 18 അംഗ സംഘം ശ്വസനോപകരണങ്ങളുടെ സഹായത്തോടെ കടലിനടിയിൽപ്പോകുന്ന സ്കൂബ ഡൈവിംഗ് നടത്തുകയായിരുന്നു. ടൈഗർ സ്രാവ് എന്നയിനമാണ് ആക്രമിച്ചത്. 2012നു ശേഷം ആദ്യമായാണ് ഇത്തരം സ്രാവ് ഇവിടെ ആക്രമണം നടത്തുന്നതെന്ന് അധികൃതർ പറഞ്ഞു. സ്രാവ് വരുന്നത് കണ്ട സഹായി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. രോഹിനയുടെ കാലിലാണ് ആദ്യം സ്രാവ് കടിച്ചത്. സമീപത്തുണ്ടായിരുന്നവർ കരയിലെത്തിച്ചു ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മറ്റൊരാൾക്കും പരിക്കേറ്റെങ്കിലും ജീവനു ഭീഷണിയില്ല.