ഡി. ദിലീപ്
തിരുവനന്തപുരം: രണ്ടു മുറി മാത്രമുളള ഓടുപാകിയ ചെറിയവീട്ടിലെ ചുവരിന്റെ ഒരറ്റത്ത്, പരിശുദ്ധ മാതാവിന്റെ രൂപത്തിനരികിൽ സൂക്ഷിക്കുന്ന ബൈബിളിൽനിന്നു പപ്പയുടെ ഫോട്ടോ എടുത്തു നൽകുമ്പോൾ ഷെല്ലറിന്റെ കണ്ണുകളിൽ ദുഃഖം ഉറഞ്ഞുകൂടിയിരുന്നു.
അഞ്ചു ദിവസം മുമ്പു വള്ളത്തിൽ പണിക്കു പോയ അവന്റെ പപ്പ ഫ്രാൻസിസ് തിരികെയെത്തിയിട്ടില്ല. മമ്മിയുടെയും മൂന്നു ചേച്ചിമാരുടെയും കണ്ണുകൾ തോർന്നിട്ടില്ല. പപ്പയുടെ തിരിച്ചുവരവിനായി പ്രാർഥനയോടെ വഴിക്കണ്ണുമായി കാത്തിരിക്കുകയാണ് അവനും അമ്മയും സഹോദരങ്ങളും.
പൂന്തുറ അടുത്തുറയിലെ ആ വീടിന്റെ നാഥൻ ഇപ്പോൾ അവനാണ്, ഷെല്ലർ എന്ന എട്ടാം ക്ലാസുകാരൻ. ചേച്ചിമാരായ സ്റ്റെഫിയയെയും സ്റ്റെജിയയെയും ചെൽസിയെയും തന്നെയും പഠിപ്പിക്കാൻ തന്റെ വരുമാനം മുഴുവൻ ചലവഴിക്കുന്ന പപ്പയുടെ കഷ്ടപ്പാടുകൾ അവനറിയാം. കൈയിലുള്ള പണം തികയാതെ വരുമ്പോൾ ലോണെടുത്തും കടം വാങ്ങിയുമാണ് ഫ്രാൻസിസ് അവരെ പഠിപ്പിക്കുന്നത്.
അവർ നാലു പേരും പഠിക്കാൻ മിടുക്കരുമാണ്. അതുകൊണ്ടുതന്നെ അവർക്കുവേണ്ടി കഷ്ടപ്പെടുന്നത് ആ പിതാവ് അഭിമാനമായി കണ്ടിരുന്നു. മൂത്തമകൾ സ്റ്റെഫിയയെ പഠിപ്പിച്ച് എൻജിനിയറാക്കി. തൊട്ടു താഴെയുള്ള സ്റ്റെജിയ സയൻസിൽ മാസ്റ്റർ ബിരുദം കരസ്ഥമാക്കി. ഇളയവൾ ചെൽസിയ ബിഎ ലിറ്ററേച്ചർ രണ്ടാം വർഷ വിദ്യാർഥിനിയാണ്.
ഫ്രാൻസിസ് അവസാനം കടലിൽ പോയതിന്റെ തലേന്നും മൂത്തമകളുടെ പഠനത്തിനായി എടുത്ത വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കുന്നതിനായി ബാങ്കിൽനിന്നു നോട്ടീസ് വന്നിരുന്നു. തങ്ങൾ പഠിച്ചു ജോലി സമ്പാദിച്ചു വലിയ നിലയിലാകുമ്പോൾ പപ്പയുടെ കഷ്ടപ്പാട് കുറയുമെന്ന്, ഫ്രാൻസിസ് ഒരുപാട് ബുദ്ധിമുട്ടുമ്പോൾ ഷെല്ലർ പറയുമായിരുന്നു. അതോർക്കുമ്പോൾ അവന്റെ കണ്ണുകൾ വീണ്ടും നിറയും.
അഞ്ചു ദിവസമായിട്ടും പപ്പയെക്കുറിച്ച് ഒരു വിവരവും കിട്ടാത്തതിനാൽ നിലത്തു വിരിച്ച പായയിൽ തന്നെ തളർന്നു കിടക്കുകയാണ് മമ്മി ക്ലാസ്റ്റിക്. ഒരു ദിവസം പെട്ടെന്ന് അനാഥരായതു പോലെ തോന്നിപ്പോകുമ്പോൾ, എന്തു ചെയ്യണമെന്നറിയാതെ തളർന്നിരിക്കുന്ന അവന്റെ കണ്ണുകളിൽ കണ്ണീരിന്റെ നനവുമാത്രമല്ല, കടലോളം ആഴവുമുണ്ട്…