ചാവക്കാട്: ഓഖി ചുഴലിക്കാറ്റിൽ നാശനഷ്ടം സംഭവിച്ച കടപ്പുറം പഞ്ചായത്തിൽ കുടിവെള്ളം എത്തിക്കണമെന്ന മന്ത്രിമാരുടെ നിർദേശം ഇനിയും നടപ്പായില്ല. കാറ്റ് വീശിയതിനെ തുടർന്ന് സംഭവസ്ഥലം സന്ദർശിച്ച മന്ത്രിമാരായ എ.സി.മൊയ്തീൻ, വി.എസ്.സുനിൽകുമാർ എന്നിവർ കെ.വി.അബ്ദുൾ ഖാദർ എംഎൽഎയുടെ സാന്നിധ്യത്തിലാണ് കുടിവെള്ളപ്രശ്നം അടിയന്തരമായി പരിഹരിക്കാൻ നിർദേശം നൽകിയത്.
പൊതുടാപ്പ് സ്ഥാപിക്കണമെന്ന നിർദേശവും നടപ്പായില്ല. ശനിയാഴ്ച മന്ത്രിമാർ ആവർത്തിച്ച് പറഞ്ഞതാണ് കുടിവെള്ള പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന്. സന്നദ്ധ സംഘടനകൾ അവരുടെ സൗകര്യത്തിൽ വെള്ളം വിതരണം ചെയ്യുന്നുണ്ട്. എന്നാൽ സർക്കാർ പഞ്ചായത്തുതലത്തിൽ വെള്ളത്തിന്റെ വിതരണം ഇനിയും ആരംഭിച്ചിട്ടില്ല.
പൈപ്പ് സ്ഥാപിച്ച് കുടിവെള്ളം എത്തിക്കാൻ ഉടനെ നടപടി സ്വീകരിക്കണമെന്ന മന്ത്രിമാരുടെ നിർദേശവും പാഴായി. പൈപ്പ് സ്ഥാപിച്ച് കുടിവെള്ളം എത്തിക്കാൻ താലൂക്കിൽ നിന്ന് വാട്ടർ അഥോറിറ്റിക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് തഹസിൽദാർ കെ.പ്രേംചന്ദ് പറഞ്ഞു. എന്നാൽ റോഡ് മുറിച്ച് പൈപ്പ് സ്ഥാപിക്കുന്ന കാര്യത്തിൽ പിഡബ്ല്യുഡി വാട്ടർ അഥോറിറ്റി ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറഞ്ഞു.
വെള്ളം എത്തിക്കാൻ ഒരു പ്രതിബന്ധവും തടസമാകരെുതന്ന് മന്ത്രി പ്രത്യേകം നിർദേശം നൽകിയിരുന്നെന്നും അതിന് ബന്ധപ്പെട്ടവർ പുല്ലുവിലയാണ് നൽകിയതെന്ന് പൗരസമിതി പ്രസിഡന്റ് ഷറഫുദീൻ മുനക്കകടവ് ആരോപിച്ചു.
കടലാക്രണത്തിനും കാറ്റിനും ശമനമായെങ്കിലും ഒട്ടേറെ കുടുംബങ്ങൾ വീട്ടിലേക്ക് മടങ്ങാൻ കഴിയാതെ വിഷമത്തിലാണ്. കടൽക്ഷോഭ പ്രദേശത്ത് കുടിവെള്ള ക്ഷാമമാണ് ഏറ്റവും വലിയ ദുരിതം. ആക്രമണ പ്രദേശത്ത് വെള്ളം കെട്ടിനിൽ്കകുന്നത് രോഗങ്ങൾ പരത്താൻ ഇടയാക്കും.
തകർന്ന വീടുകളുടെ അറ്റകുറ്റ പണികൾ നടത്തി താമസയോഗ്യമാക്കാൻ ഇനിയും ദിവസങ്ങൾ എടുക്കും. വീടുകളുടെയും മറ്റ് നാശനഷ്ട കണക്കുകൾ തയാറാക്കി സാന്പത്തിക സഹായം നൽകാനുള്ള നടപടികൾ തിരക്കിട്ട് നടക്കുന്നുണ്ടെന്ന് തഹസിൽദാർ അറിയിച്ചു.