നിങ്ങള്‍ക്കെന്താ ഷക്കീലച്ചിത്രങ്ങള്‍ എടുത്താല്‍? അസൂയ നിമിത്തം പരിഹാസത്തെ ആയുധമാക്കിയ ആ വ്യക്തിയെക്കുറിച്ചും സമാനമായ അനുഭവങ്ങളെക്കുറിച്ചും സംവിധായകന്‍ സത്യന്‍ അന്തിക്കാട് വിശദീകരിക്കുന്നു

സിനിമാതാരങ്ങള്‍ക്ക് ആരാധകരുടെ വക അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടും തങ്ങളുടെ ആരാധന അറിയിച്ചുകൊണ്ടും കത്തുകള്‍ വരുന്നത് ഒരുകാലത്ത് പതിവായിരുന്നു. എന്നാല്‍ ഇന്ന് കാലം മാറിയതോടെ കത്തുകളൊക്കെ മാറി അഭിപ്രായങ്ങളും അഭിനന്ദനങ്ങളും മറ്റ് പല രീതിയിലും അറിയിക്കാമെന്നായി. ഒരു കാലത്ത് ഇത്തരത്തില്‍ വന്നുകൊണ്ടിരുന്ന ചില കത്തുകളെക്കുറിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട്, ആത്മാവിന്റെ അടിക്കുറിപ്പുകള്‍ എന്ന തന്റെ പുസ്തകത്തില്‍ എഴുതുകയുണ്ടായി. അതിങ്ങനെയാണ്…

ഊമക്കത്തുകളുടെ മനഃശാസ്ത്രത്തെപ്പറ്റി പലരും എഴുതിക്കണ്ടിട്ടുണ്ട്. തങ്ങള്‍ക്ക് എത്തിപ്പെടാന്‍ പറ്റാത്ത മേഖലകളില്‍ മറ്റുള്ളവര്‍ ശ്രദ്ധിക്കപ്പെടുമ്പോള്‍ തോന്നുന്ന അസൂയ, അമര്‍ഷം, ഭീരുത്വം അങ്ങനെ കാരണങ്ങള്‍ പലതുമുണ്ടത്രേ. കുറച്ചുകാലം മുമ്പുവരെ ടെലഫോണില്‍ ഒരു കഥാപാത്രം എന്നെ വിളിക്കാറുണ്ടായിരുന്നു. ഭീഷണിയോ ചീത്ത പറച്ചിലോ അല്ല, പരിഹാസമാണ് ആയുധം. പക്ഷേ, എന്നെ തര്‍ക്കിച്ചു തോല്പിക്കാന്‍ അയാള്‍ക്കു സാധിക്കാറില്ല. കാരണം, അയാളുടെ അഭിപ്രായപ്രകടനങ്ങളൊക്കെ വളരെ ശരിയാണെന്നു ഞാനങ്ങ് സമ്മതിച്ചുകൊടുക്കും.

സിനിമ ബോറാണെന്നു പറഞ്ഞാല്‍ ‘എനിക്കും അതറിയാം സുഹൃത്തേ, അടുത്തത് ബോറാവാതെ നോക്കാം’ എന്നു ഞാന്‍ പറയും. സംവിധാനം ചെയ്യാന്‍ ഒരു കഴിവുമില്ലാത്തവനാണെന്നു പറയുമ്പോള്‍, ‘സംഗതി ശരിയാണ്. പക്ഷേ, ഇത് നമ്മളല്ലാതെ പുറത്താരുമറിയണ്ട’ എന്നാവും എന്റെ പ്രതികരണം. ‘നിങ്ങള്‍ക്കെന്താ ഷക്കീലച്ചിത്രങ്ങള്‍ എടുത്താല്‍’ എന്ന ചോദ്യത്തിന്, ‘ഷക്കീലയുടെ കോള്‍ഷീറ്റിനുവേണ്ടി ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കിട്ടിയാല്‍ തീര്‍ച്ചയായും എടുക്കാം’ എന്നു മറുപടി.

അങ്ങനെ അമ്പുകള്‍ എയ്തും തടുത്തും രണ്ടുപേര്‍ക്കും മടുത്തുതുടങ്ങിയപ്പോള്‍ ഒരു ദിവസം ഞാന്‍ മറനീക്കി ചോദിച്ചു: ‘എന്താണ് നിങ്ങളുടെ പ്രശ്നം? അറിഞ്ഞോ, അറിയാതെയോ ഞാനെന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അതു തുറന്നുപറയുക. ആ തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ അതെന്നെ സഹായിക്കും. നിങ്ങള്‍ക്കെന്നെ അറിയാം. എന്റെ ഫോണ്‍നമ്പര്‍ അറിയാം. എനിക്ക് നിങ്ങളെപ്പറ്റി ഒന്നുമറിയില്ലതാനും. ഈ യുദ്ധം തുടര്‍ന്നുപോകുന്നതിനെക്കാള്‍ നല്ലതു നമുക്കൊരു ഒത്തുതീര്‍പ്പിലെത്തുന്നതല്ലേ?’

തികച്ചും മര്യാദയോടെയുള്ള ആ അഭ്യര്‍ഥന ഏറ്റു. മറച്ചുവെക്കാതെ അയാള്‍ സത്യം പറഞ്ഞു: ‘പ്രശസ്തരായവരെയൊക്കെ ഞങ്ങളിങ്ങനെ ഫോണില്‍ വിളിച്ചു കളിയാക്കാറുണ്ട്.’ ‘എങ്കില്‍ ദയവായി എന്നെ അതില്‍ നിന്നൊഴിവാക്കണം.’ ‘എന്നാല്‍ ചേട്ടന്‍ ഫോണ്‍ വച്ചോ…’പിന്നീട് ഇന്നുവരെ ആ ശബ്ദം ഞാന്‍ കേട്ടിട്ടില്ല. വിളിക്കുന്ന ആളെ തിരിച്ചറിയാനുള്ള സൂത്രം അന്ന് ടെലികോം ഡിപ്പാര്‍ട്ട്മെന്റ് തുടങ്ങിയിട്ടില്ല. ഇന്നിപ്പോള്‍ വിളിക്കുന്നത് ഏതു നമ്പറില്‍ നിന്നാണെന്നു നോക്കി ഫോണെടുക്കാമല്ലോ.

അടുത്ത കാലത്തുണ്ടായ ഒരനുഭവം. ശ്രീനിവാസനും ഞാനും കൂടി ട്രെയിനില്‍ വരികയാണ്. മാന്യമായി വേഷം ധരിച്ച ഒരാള്‍ ശ്രീനിയുടെ അടുത്തുവന്നു ചോദിച്ചു: ‘എന്താ പേര്?’ ഒരു നിമിഷം പോലും ആലോചിക്കാതെ ശ്രീനി മറുപടി കൊടുത്തു: ‘ഗോവിന്ദന്‍കുട്ടി’ അയാളൊന്നു ചമ്മി. എങ്കിലും തോറ്റുകൊടുക്കില്ലെന്ന ഭാവത്തില്‍ വീണ്ടും ചോദ്യം. ‘എന്ത് ചെയ്യുന്നു?’ ‘ഒന്നും ചെയ്യുന്നില്ല.’ ‘എവിടെയോ കണ്ടിട്ടുണ്ടല്ലോ’ എന്ന് അയാള്‍. ‘ആലുവ മണപ്പുറത്തു വച്ചാവും.’ എന്നു ശ്രീനി. ‘സിനിമാനടനല്ലേ?’ ‘അല്ല. കല്യാണബ്രോക്കര്‍.’

ഒടുവില്‍ ഗതികെട്ട് അയാള്‍ പറഞ്ഞു: ‘മിസ്റ്റര്‍ ശ്രീനിവാസന്‍, ഞാന്‍ നിങ്ങളുടെ ഒരുപാടു സിനിമകള്‍ കണ്ടിട്ടുണ്ട്.’ ‘എങ്കില്‍ പിന്നെ എന്റെ പേരും ജോലിയും എന്നെക്കൊണ്ടു പറയിപ്പിക്കാന്‍ വാശിപിടിച്ചത് എന്തിനാണ്?’ അതിന് അയാള്‍ക്കു മറുപടി ഇല്ലായിരുന്നു. ചിലരങ്ങനെയാണ്. സിനിമ കാണാറുണ്ടെന്നോ നന്നായിട്ടുണ്ടെന്നോ ഒക്കെ പറഞ്ഞാല്‍ സിനിമക്കാര്‍ കൂടുതല്‍ ആഹ്ലാദിച്ചാലോ? അവരുടെ മുമ്പില്‍ തന്റെ വില കുറഞ്ഞുപോയാലോ? ‘മനുഷ്യാ… ഹേ മനുഷ്യാ… വലിച്ചെറിയൂ നിന്റെ മുഖംമൂടി…’ എന്നു വയലാര്‍ പാടിയത് ഇത്തരക്കാരെക്കൂടി ഉദ്ദേശിച്ചല്ലേ?

 

 

Related posts