ഇരുപത്തിരണ്ടാം വയസ്സിൽ നിറയെ അവസരങ്ങളുള്ളപ്പോൾ അഭിനയം നിർത്തേണ്ടിവന്നതിൽ കുറ്റബോധമുണ്ടെന്ന് നടി ലിസ്സി. ഇരുപത്തഞ്ചു വർഷത്തിനു ശേഷം പുതിയ ചിത്രത്തിലൂടെ തിരിച്ചുവരുന്നെന്ന് ഫേസ്ബുക്കിൽ കുറിച്ചുകൊണ്ടാണ് താരം കത്തിനിന്ന സമയത്ത് വിടപറയേണ്ടി വന്നതിൽ പിന്നീട് ഖേദിച്ചുവെന്ന് വെളിപ്പെടുത്തിയത്.
“ഇന്നും കുറ്റബോധം തോന്നുന്ന ഒരു തീരുമാനമാണ് അത്. തീർച്ചയായും നഷ്ടപ്പെട്ട ആ കാലവും ആ വേഷങ്ങളും ഇനി തിരിച്ചുകിട്ടില്ല. രണ്ടാം ഇന്നിംഗ്സിൽ കൂടുതൽ മെച്ചപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ. എനിക്ക് തെലുങ്കിൽ ചെറുതെങ്കിലും നല്ലൊരു കരിയർ ഉണ്ടായിരുന്നു. എട്ട് ചിത്രങ്ങൾ ചെയ്തതിൽ ആറെണ്ണവും സൂപ്പർഹിറ്റുകളായിരുന്നു. ഇതിൽ മലയാള ചിത്രങ്ങളായ മൂന്നാംമുറയുടെയും ഇരുപതാം നൂറ്റാണ്ടിന്റെയും റീമേക്കുകളും ഉൾപ്പെടും. തെലുങ്ക് സിനിമ വിടേണ്ടിവന്നതിൽ എനിക്ക് സങ്കടമുണ്ടായിരുന്നു. പക്ഷേ, അന്ന് വേറെ വഴിയുണ്ടായിരുന്നില്ല. തെലുങ്കിലെ അഭിനയം അപൂർണമായൊരു ജോലിയായാണ് എനിക്ക് തോന്നുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മലയാളത്തിൽ നിന്നും തമിഴിൽ നിന്നും തെലുങ്കിൽ നിന്നും നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു. തമിഴിൽ ഗൗതം മേനോൻ ഒരു വിഷയം പറഞ്ഞിരുന്നു. വൈകാതെ ഒരു മലയാള ചിത്രത്തിലും അഭിനയിക്കും. എന്റെ സ്റ്റുഡിയോയും പ്രിവ്യൂ തിയറ്ററും നോക്കിനടത്തുന്നതിന് തന്നെയാവും എന്റെ മുൻഗണന. വേഷങ്ങൾ നല്ലതാണെങ്കിൽ വർഷത്തിൽ രണ്ടോ മൂന്നോ സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം” – ലിസ്സി പോസ്റ്റിൽ പറഞ്ഞു.
മകൾ കല്യാണി അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്പോഴാണ് ലിസിയുടെ രണ്ടാംവരവ്. തെലുങ്കു ചിത്രത്തിലൂടെയാണ് ലിസിയുടെ വരവ് . കൃഷ്ണ ചൈതന്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പവൻ കല്യാണും ത്രിവിക്രം ശ്രീനിവാസും സുധാകർ റെഡ്ഡിയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ നിഥിനും മേഘയുമാണ് പ്രധാന താരങ്ങൾ. മോഹൻലാലിനും മുകേഷിനുമൊപ്പം ഹിറ്റ് ജോടിയായ ലിസ്സി 1994ൽ സോമനാഥ് സംവിധാനം ചെയ്ത ചാണക്യസൂത്രത്തിലാണ് അവസാനമായി വേഷമിട്ടത്. 1990ലായിരുന്നു പ്രിയദർശനുമായുള്ള വിവാഹം. 2016ൽ ഇരുവരും തമ്മിൽ പിരിയുകയും ചെയ്തു.