വൈക്കം: സ്കൂളിലേക്ക് പോയ പതിനേഴുകാരിയെ പട്ടാപ്പകൽ കടന്നു പിടിച്ച് അപമാനിക്കാൻ ശ്രമം. വൈക്കത്താണ് നാട്ടുകാരെ നടുക്കിയ സംഭവം ഉണ്ടായത്. റോഡിലൂടെ സ്കൂളിലേക്ക് നടന്നു വന്ന വിദ്യാർഥിനിയെ ഒരു പ്രകോപനവും കൂടാതെ യുവാവു കടന്നുപിടിച്ചു അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
പോക്സോ നിയമ പ്രകാരം പോലീസ് കേസെടുത്തു. ഇന്ന് അറസ്റ്റുണ്ടാകും. വൈക്കം നഗരത്തിലെ ഒരു സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിക്കാണ് ഇന്നലെ രാവിലെ യുവാവിൽ നിന്നു ദുരനുഭവമുണ്ടായത്. വിദ്യാർഥിനി സ്കുളിലേയക്ക് നടന്നു വരുന്പോൾ നിർത്തിവച്ച ബൈക്കിലിരുന്ന യുവാവ് യാതൊരു പ്രകോപനവുമില്ലാതെ പെണ്‍കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു.
പെണ്‍കുട്ടി നിലവിളിച്ചതോടെ നാട്ടുകാരും സ്കൂളിലേക്ക് വരികയായിരുന്ന വിദ്യാർഥിനികളും ഓടിയെത്തി. ആൾക്കാർ പിടികൂടുമെന്നുറപ്പായപ്പോൾ യുവാവ് ബൈക്കിൽ പാഞ്ഞു പോയി. വിദ്യാർഥിനികളും നാട്ടുകാരും നൽകിയ വാഹന നന്പരും മറ്റുവിവരങ്ങളുടേയും സഹായത്താൽ പോലീസ് കേസിലെ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ ഇന്ന് കസ്റ്റഡിയിലെടുക്കുമെന്ന്് എസ്.ഐ.എം.സാഹിൽ അറിയിച്ചു.
പട്ടാപ്പകൽ പെണ്‍കുട്ടിയെ കടന്നു പിടിച്ച സംഭവം പുറത്തായതോടെ പെണ്‍കുട്ടികളെ തനിച്ച് സ്കൂളിലേക്ക് അയയ്ക്കാൻ വീട്ടുകാർ ഭയപ്പെടുകയാണ്. വൈക്കത്തെ സ്കൂളുകളുടെ മുന്നിലും സമീപത്തെ ഇടവഴികളിലും പൂവാല ശല്യമേറുന്നതായി പരാതിയുണ്ട്. അധികൃതർ നടപടി ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.