വാഴക്കുളം: കദളിക്കാട് പാണപ്പാറ പുളിക്കൽ സോമനെ (65) മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ കൊല നടത്തിയതു സുഹൃത്തായ മരുതുംകുടിയിൽ സാബുവിന്റെ പ്രേരണ മൂലമാണെന്ന അറസ്റ്റിലായ മകൻ സുരേഷിന്റെ മൊഴി. പിതാവ് തനിക്ക് വീതം നൽകിയില്ലെന്നുള്ള പരാതി സുരേഷിനുണ്ടായിരുന്നു. കൂടാതെ മൂത്ത മകനായതിനാൽ വീടുമാറി താമസിക്കേണ്ടി വരുമെന്ന ചിന്തയുമുണ്ടായിരുന്നു.
പൈനാപ്പിൾ മേഖലയിലെ ചെറുജോലികളുണ്ടായിരുന്ന സുരേഷ്, സാബുവിനോട് ഇത്തരം ചിന്തകൾ പങ്കുവച്ചിരുന്നു.
സാബുവിന്റെ പ്രേരണയിലാണ് താൻ കൊലപാതകം നടത്തിയെന്നാണ് സുരേഷ് പോലീസിൽ മൊഴി നൽകിയിട്ടുള്ളത്. വീട്ടിലാരുമില്ലാത്ത അനുകൂല സാഹചര്യത്തിൽ മണ്ണെണ്ണ ഒഴിക്കാനും തീകൊളുത്താനും സംഭവസ്ഥലത്തുണ്ടായിരുന്ന സാബു ധൈര്യം നൽകിയെന്നും മൊഴിയിലുണ്ട്.
മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാതെ സുരേഷ് മാറിനിന്നതാണു സംശയത്തിനിടയാക്കിയതും അന്വേഷണം ഇവരിലേക്ക് എത്തിയതും. കഴിഞ്ഞ 26ലായിരുന്നു സോമന്റെ മരണം. ആദ്യഘട്ടത്തിൽ ആത്മഹത്യയെന്നായിരുന്നു നാട്ടുകാരും ബന്ധുക്കളും വിചാരിച്ചത്.