പട്ടാന്പി: സുഹൃത്തുക്കൾക്ക് വാട്സാപ്പ് വീഡിയോ സന്ദേശം നൽകി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയനായ ആളെ പോലീസ് അറസ്റ്റുചെയ്തു. പട്ടാന്പി മരുതൂർ സ്വദേശിയും ലോട്ടറികച്ചവടക്കാരനുമായ ഉമ്മറിനെയാണ് പട്ടാന്പി സർക്കിൾ ഇൻസ്പെക്ടർ രമേഷ്കുമാർ അറസ്റ്റുചെയ്തത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ആത്മഹത്യാപ്രേരണാക്കുറ്റംചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇയാൾ പ്രദേശത്തെ ഡിവൈഎഫ്എെ പ്രവർത്തകനാണെന്ന് പോലീസ് പറഞ്ഞു. മരുതൂർ തൊണ്ടിയന്നൂർ കുളപ്പുള്ളി മലയിൽ ജനാർദനൻ മകൻ ശ്രീജിത് (19)ആണ് ഇന്നലെ വീഡിയോ സന്ദേശമയച്ച് വീടിനോടു ചേർന്ന കാട്ടിൽ തൂങ്ങിമരിച്ചത്.
ഇന്നലെ വൈകീട്ട് പൂവക്കോട് രാമഗിരിക്കോട്ടക്ക് സമീപമാണ് സംഭവം. വാട്സാപ്പ്ഗ്രൂപ്പിലേക്ക് വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് കഴുത്തിൽകുരുക്കിട്ട് മരത്തിൽനിന്നും ചാടുകയായിരുന്നു. മരുതൂരിലെ ലോട്ടറി കച്ചവടക്കാരൻ ഉമ്മർ കാരണമാണ്് താൻ മരിക്കുന്നതെന്ന് വീഡിയോയിൽ ആവർത്തിച്ചുപറയുന്നുണ്ട്. സംഭവം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. തുടർന്ന് പട്ടാന്പി പോലീസ് ശ്രീജിത്തിന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തിരുന്നു. ഇതുപ്രകാരവും ഫോണിലെ മൊഴിയും ചേർത്ത് ഉമ്മറിനെ അറസ്റ്റുചെയ്യുകയായിരുന്നു. ഉമ്മറുമായുള്ള സാന്പത്തിക ഇടപാടുകളാണ് ശ്രീജിതിന്റെ മരണത്തിലേക്കു നയിച്ചത്.
എെടിഐ വിദ്യാർഥിയായ ശ്രീജിത് പഠനത്തോടൊപ്പം തേങ്ങാക്കച്ചവടക്കാരനായ പിതാവിനെ സഹായിച്ചുവരികയായിരുന്നു. ഇതിനിടെ ഉമ്മറിൽനിന്നും ലോട്ടറിയുമായി ബന്ധപ്പെട്ട് വലിയ സാന്പത്തിക ബാധ്യത കുടുംബത്തിനുണ്ടായിരുന്നതായാണ് ഉമ്മറിൽനിന്നും ലഭിച്ച മൊഴിപ്രകാരം പോലീസ് പറയുന്നത്. കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്. യുവാവിന്റെ മരണം നാടിനെയും നടുക്കിയിരിക്കുകയാണ്.
വീഡിയോയിലെ മരണമൊഴി ഇപ്രകാരമാണ്: ഞാൻ മരിക്കാൻപോകുകയാണ്.എന്റെ കോണ്ടാക്ടിലുള്ള എല്ലാവർക്കും ഈ മെസേജ് ഞാൻ അയക്കുന്നുണ്ട്. എല്ലാവരും ഇത് ഷെയർ ചെയ്യണം. മരിക്കാൻ കാരണം ഉമ്മർ എന്ന ചങ്ങാതിയാണ്. മരുതൂരിലുള്ള അയാൾ കാരണമാണ് എന്റെ ജീവിതം കൊളമായത്. ലോട്ടറി വിൽക്കുന്ന ഉമ്മർ. ടിവിഎസ് സുസുകിയിൽ നടക്കുന്ന ഉമ്മർ. ഡിവൈഎഫ്ഐയുടെ എന്തൊക്കെയോ മെയിൻ ആണ്. അയാൾ കാരണമാണ് മരിക്കുന്നത്.
എന്റെ അച്ഛനെയും അമ്മയെയും വിട്ടുപോകുന്നതിൽ വിഷമമുണ്ട്. ജീവിക്കാൻ വലിയ പാടാണ്. മരിക്കാൻ സുഖമാണ് തോന്നുന്നു. അതോണ്ട് മരിക്കാൻ പോകുകയാണ്. അച്ഛനെയും അമ്മയെയും എല്ലാവരും കൂടി നോക്കണം. മരിച്ചാൽ വിഷമമുണ്ടാകും എല്ലാവർക്കും. ഇതല്ലാതെ രക്ഷകളില്ല. 25 ലക്ഷം… അല്ലെങ്കിൽ പത്ത് ലക്ഷമെങ്കിലും ഉണ്ടെങ്കിലേ എല്ലാ കാര്യവും നടക്കൂ എന്നും പറയുന്നു.
മരിച്ച ശ്രീജിത്ത് മരുതൂരിലെ ഒരാളിൽനിന്നും പണം പലിശക്കെടുത്തിട്ടുണ്ട്. പലിശ പെരുകി വലിയ തുകയായി ഇത് മാറിയിട്ടുണ്ട്. പലിശക്കാരുടെ ശല്യവും യുവാവിനുള്ളതായി പറയപ്പെടുന്നു.ഇതും പോലീസ് അന്വേഷിക്കും. ഒറ്റപ്പാലത്ത് പഠിക്കുകയായിരുന്ന ശ്രീജിത് ഒഴിവു സമയങ്ങളിൽ കാറ്ററിംഗ് ജോലിക്ക് പോയാണ് പഠനചെലവ് കണ്ടെതത്തിയിരുന്നത്. ജാനാർദനന്റെ ഏക മകനാണ്.