നോയിഡ: ഡൽഹിക്ക് സമീപം നോയിഡയിൽ അമ്മയെയും മകളെയും ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിന് ശേഷം പതിനഞ്ച് വയസുകാരനായ മകനെ സ്ഥലത്തു നിന്നും കാണാതായത് കുടുതൽ ദുരൂഹത പടർത്തുന്നു. നോയിഡയ്ക്ക് സമീപം ഗൗർ പട്ടണത്തിലെ ഫ്ലാറ്റിന്റെ 14-ാം നിലയിലാണ് ഇന്ന് പുലർച്ചെ മൃതദേഹങ്ങൾ കണ്ടെത്തിയത്. അഞ്ജലി അഗർവാൾ (40), മകൾ കനിഹ (12) എന്നിവരാണ് മരിച്ചത്. അഞ്ജലിയുടെ മകൻ രാഘവിനെയാണ് കാണാതായിരിക്കുന്നത്. ഇവരുടെ ഭർത്താവ് കഴിഞ്ഞ ദിവസങ്ങളിൽ സ്ഥലത്തുണ്ടായിരുന്നില്ല.
ഭാര്യയെ ഫോണിൽ വിളിച്ച് കിട്ടാത്തതിനെ തുടർന്ന് ഭർത്താവ് സമീപത്ത് താമസിച്ചിരുന്ന ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളും അയൽവാസികളും എത്തിയപ്പോൾ ഫ്ലാറ്റ് പുറത്തുനിന്നും പൂട്ടിയ നിലയിലാണ് കണ്ടെത്തിയത്. പിന്നീട് ഇവർ വിവരം അറിയിച്ചതനുസരിച്ച് പോലീസ് എത്തി വാതിൽ തകർത്ത് ഫ്ലാറ്റിൽ കയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
കൊലപാതകമാണ് നടന്നിരിക്കുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അമ്മയുടെയും മകളുടെയും ശരീരത്ത് മുറിവുകളുണ്ടായിരുന്നു. രക്തംപറ്റിയ ക്രിക്കറ്റ് ബാറ്റും ഫ്ലാറ്റിൽ നിന്ന് കണ്ടെത്തി. ഇത് ഉപയോഗിച്ചാണ് മരിച്ചവരെ ആക്രമിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധ നടത്തി. പോലീസ് അന്വേഷണം തുടരുകയാണ്.