ആലത്തൂർ: ടൗണിലും പരിസര പ്രദേശങ്ങളിലും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച് അലഞ്ഞു നടന്നിരുന്ന അഞ്ച് പുരുഷന്മാരെ പോലീസ് പിടികൂടി. അതിൽ വിവരങ്ങൾ ലഭിച്ച രണ്ടു പേരെ ബന്ധുക്കളെ വരുത്തി ഏൽപ്പിച്ചു. മറ്റുമൂന്ന് പേരെ പാലക്കാട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയശേഷം കോടതി ഉത്തരവ് പ്രകാരം തൃശൂരിലെ മനോരോഗ ചികിത്സാ കേന്ദ്രത്തിലേക്കയച്ചു.
സന്നദ്ധ സേവന പ്രവർത്തകരുടെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത്. വൃത്തിഹീനമായ അവസ്ഥയിലായിരുന്ന ഇവരെ കുളിപ്പിച്ച് വൃത്തിയാക്കി വസ്ത്രങ്ങൾ ധരിപ്പിച്ച്, ഭക്ഷണവും നൽകിയ ശേഷമാണ് കോടതിയിൽ എത്തിച്ചതും ബന്ധുക്കൾക്ക് കൈമാറിയതും.
തൃശൂർ അരിന്പൂർ സ്വദേശി രാജു, ഒറ്റപ്പാലം അന്പലപ്പാറ വേങ്ങശ്ശേരി സ്വദേശി ഗോപാലകൃഷ്ണൻ എന്നിവരെയാണ് ബന്ധുക്കളെ കണ്ടെത്തി ഏൽപ്പിച്ചത്.
മറ്റുമൂന്ന് പേർക്ക് സ്വന്തം പേരോ, വിവരങ്ങളോ പറയാൻ കഴിയാത്തവരായിരുന്നതിനാൽ അവരെ കോടതിയിൽ ഹാജരാക്കി ചികിത്സക്കയച്ചത്.എസ്ഐ എസ് അനീഷ്, സിപിഒ മാരായ പ്രജീഷ്, റഷീദ്, ഷംസുദ്ദീൻ എന്നിവർ സന്നദ്ധ പ്രവർത്തകരായ ഫിറോസ് കുന്നംപറന്പ് ,ഷിഹാബ്, ആഷിഖ് ,പള്ളിക്കൽ സുഹൈൽ, അമീർ അബൂബക്കർ ,നൂർമുഹമ്മദ്, സുഹൈബ്, ഷമീർ തുടങ്ങിയ 15 ഓളം പേരുടെ സഹായത്തോടെയാണ് ഇവരെയെല്ലാം പിടികൂടി കുളിപ്പിച്ച് വൃത്തിയാ ക്കിയത്.