കുന്നംകുളം: മൂന്നു വയസുകാരിയെ തട്ടിക്കൊണ്ടുപോയ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കുട്ടിയെ തിരികെ ലഭിച്ചു. ഇന്നലെ വൈകീട്ട് ആറു മണിയോടെ കുന്നംകുളം അരി മാർക്കറ്റിൽ സംശയാസ്പദമായ രീതിയിൽകണ്ട മൂന്ന് വയസുകാരി കാജലിനെയും കൊല്ലം കുണ്ടറ ജയന്തിനി സ്വദേശി വിജയനെയു (45 ) മാണു നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.
കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിനിടെ കുന്നംകുളത്തെത്തിയതാണു വിജയൻ. ഹിന്ദി ഭാഷ സംസാരിച്ചിരുന്ന കുട്ടിയോട് വിജയൻ തമിഴും മലയാളവും ചേർന്ന ഭാഷ സംസാരിക്കുന്നതു കണ്ട ആളുകൾക്കു സംശയം തോന്നിയതാണ് ഇയാൾ പിടിലാകാൻ കാരണം. ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു.
ഇയാളുടെ പോക്കറ്റിൽനിന്നു കിട്ടിയ ബീവറോജസ് ബില്ലിൽ പൂത്തോൾ എന്നു രേഖപ്പെടുത്തിയതു കണ്ടതിന്റെ അടിസ്ഥാനത്തിൽ പോലീസ് തൃശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയായിരുന്നു. ഇതേസമയം തൃശൂർ പൂത്തോളിൽ പോട്ടയിൽ ലൈൻ ജിമ്മി കോർട്ടേഴ്സിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശി ബസന്ത് കുട്ടിയെ കാണാതായതായി കാണിച്ചു പോലീസിൽ പരാതി നൽകിയിരുന്നു.
തുടർന്നു പോലീസിൽനിന്നു വിവരം ലഭിച്ച ബസന്തും ഭാര്യ നീനയും കുന്നംകുളത്തെത്തി കുട്ടിയെ തിരിച്ചറിഞ്ഞു. പോലീസ് ഇവർക്കു കുട്ടിയെ കൈമാറുകയും ചെയ്തു. ഉത്തർ പ്രദേശ് സ്വദേശിയായ ബസന്തിന്റെ ഭാര്യ നീനയുടെ അനുജത്തിയുടെ മകളാണ് കാജൽ. കുട്ടിയുടെ അച്ഛൻ രമേഷും അമ്മ പൂനവും ഉത്തർ പ്രദേശിലാണ്.
കഴിഞ്ഞ ഒന്നര വർഷമായി കുട്ടി ഇവിടെയാണു താമസിക്കുന്നത്. ഇന്നലെ ഉച്ചയോടെ വിജയൻ ഭക്ഷണം ചോദിച്ച് ഇവരുടെ വീട്ടിൽ വന്നിരുന്നുവത്രേ. ആ സമയത്ത് ഇയാളുടെ ചിത്രം വീട്ടുകാർമൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തിരുന്നു. പിന്നീട് വീട്ടുകാരുടെ ശ്രദ്ധയിൽപെടാതെ മുറ്റത്തു കളിച്ചുകൊണ്ടിരുന്ന കാജലിനെയുമെടുത്ത് ഇയാൾ കുന്നംകുളത്തേക്കു കടന്നുകളയുകയായിരുന്നു. കുട്ടി കരയാതിരിക്കാൻ ഇയാൾ ജൂസ് വാങ്ങി കൊടുത്തിരുന്നു. കൂടുതൽ വിവരങ്ങൾ അറിയാനായി ചോദ്യം ചെയ്തുവരുന്നു.