തളിപ്പറമ്പ്: സ്വന്തം ചരമവാര്‍ത്തയും പരസ്യവും നൽകി ദിവസങ്ങളോളം പോലീസിനെയും ബന്ധുക്കളെയും ആശങ്കയുടെ മുള്‍മുനയിലാക്കിയ തളിപ്പറമ്പ് കുറ്റിക്കോലിലെ മേലൂക്കുന്നേല്‍ ജോസഫിനെ (75) കോടതി ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ കോട്ടയത്ത് പോലീസ് കണ്ടെത്തിയ ഇദ്ദേഹത്തെ രാത്രി പതിനൊന്നരയോടെ പോലീസും ബന്ധുക്കളും ചേര്‍ന്നാണു തളിപ്പറമ്പിലെത്തിച്ചത്.
ഇന്നലെ രാവിലെ ഒന്‍പതരയോടെ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെത്തിയ ജോസഫിനെ അഡീഷണല്‍ എസ്ഐ ജയരാജന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തളിപ്പറമ്പ് മജിസ്ട്രേറ്റിന്റെ ചുമതലയുള്ള ഇരിക്കൂര്‍ പെരുവളത്തുപറമ്പിലെ ഗ്രാമന്യായാലയ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കുകയായിരുന്നു.
ജോസഫിന്റെ മൊഴി രേഖപ്പെടുത്തിയശേഷം അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം പോകാന്‍ അനുവദിച്ചു. കോടതിക്ക് പുറത്തിറങ്ങിയ ജോസഫ് മക്കളോടും ബന്ധുക്കളോടുമൊപ്പമാണ് വീട്ടിലേക്കു തിരിച്ചത്. ഇന്നലെ രാവിലെ തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ കഴിഞ്ഞതെല്ലാം സംഭവിച്ചുപോയതാണെന്നും എഴുപത്തിയഞ്ചാംവയസില്ഏഴുവയസുകാരന്റെ ബുദ്ധിയായിപ്പോയെന്നും ഇനിയുള്ളകാലം മക്കളോടും ഭാര്യയോടുമൊപ്പം സ്നേഹത്തോടെ കഴിയുമെന്നും ജോസഫ് പറഞ്ഞു.