കൊച്ചി: മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ കൈയ്യിലിരുന്നു തന്റെ മൊബൈൽ ഫോണ്‍ തവിടുപൊടിയാകുന്നതു കണ്ടു ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസ് ആന്റണി ഡൊമിനിക്കിന്റെ ഉള്ളൊന്നു കാളിയിരിക്കണം. മാജിക് പിഴക്കരുതേയെന്ന് ഒരുനിമിഷമെങ്കിലും അദ്ദേഹം പ്രാർഥിച്ചിട്ടുമുണ്ടാകും. അൽപസമയ ത്തിനകം വേദിക്കരികിലെ മറ്റൊരു പെട്ടിയിൽനിന്നു സുരക്ഷിതമായി തന്റെ ഫോണ്‍ പുറത്തെടുത്തപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് ആശ്വാസത്തിന്റെ പുഞ്ചിരി വിടർന്നു. കാണികളുടെ മുഖത്തു വലിയൊരു ഇന്ദ്രജാലം കണ്ടതിന്റെ അന്പരപ്പും.
ഇന്നലെ എറണാകുളം സെന്റ് തെരേസാസ് കോളജിൽ കേരള പോലീസിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സൈബർ സുരക്ഷ ബോധവത്കരണ പരിപാടിയായ കിഡ്സ് ഗ്ലൗ പദ്ധതിയുടെ ഭാഗമായി ഗോപിനാഥ് മുതുകാട് അവതരിപ്പിച്ച ഇ-ല്യൂഷൻ എന്ന ഇന്ദ്രജാല പരിപാടിയിലായിരുന്നു ആക്ടിംഗ് ചീഫ് ജസ്റ്റീസിനെ സമ്മർദ്ദത്തിലാക്കിയ പ്രകടനം.
ഇന്റർനെറ്റ് ഉപയോഗത്തിൽ പാലിക്കേണ്ട ജാഗ്രതയെക്കുറിച്ചു കുട്ടികളെ ബോധവത്കരിക്കുന്നതിനായിട്ടാണു ആക്ടിംഗ് ചീഫ് ജസ്റ്റീസിനെ ഉൾപ്പെടുത്തി ഇന്ദ്രജാലം അവതരിപ്പിച്ചത്. സൈബർലോകത്തെ ചതിക്കുഴികളെക്കുറിച്ച് ഇന്ദ്രജാലം കൂടി ഉൾപ്പെടുത്തി ഗോപിനാഥ് മുതുകാട് വിദ്യാർഥികൾക്കു ക്ലാസ് നടത്തി. ക്ലാസിനുശേഷം നടന്ന സംവാദത്തിൽ നവമാധ്യമങ്ങളുടെ ഉപയോഗത്തെക്കുറിച്ചുള്ള ചോദ്യങ്ങളും മാജിക് സംബന്ധമായ ചോദ്യങ്ങളും ഉയർന്നു.
പെണ്‍കുട്ടികളോടു മാത്രം നവമാധ്യമങ്ങളിൽ ഫോട്ടോ ഇടരുതെന്ന് എന്തുകൊണ്ട് ആവശ്യ പ്പെടുന്നുവെന്നും അവൾക്കുമില്ലേ മറ്റുള്ളവരെപ്പോലെ അവകാശങ്ങളും സ്വാതന്ത്ര്യവുമെന്നു മുള്ള ചോദ്യം ഉയർന്നപ്പോൾ സദസ് കൈയടിശ ബ്ദത്തിൽ മുങ്ങി. ഒരിക്കലും പെണ്‍കുട്ടികളോട് നവമാധ്യമങ്ങൾ ഉപയോഗിക്കരുതെന്നു പറയുന്നില്ലെന്നും ചുറ്റിലുമുള്ള ചതിക്കുഴികളെക്കുറിച്ചു ബോധവതികളാകണമെന്നു മാത്രമാണ് ഉപദേശിക്കുന്നതെന്നും ഗോപിനാഥ് മുതുകാടും അസിസ്റ്റന്റ് കമ്മീഷണർ കെ. ലാൽജിയും വിശദീകരിച്ചു.
കേരള പോലീസ്, മാജിക് അക്കാഡമി, യുനിസെഫ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് പരിപാടി ഉദ്ഘാടനം ചെയ്തു.
എറണാകുളം റേഞ്ച് ഐജി പി. വിജയൻ അധ്യക്ഷത വഹിച്ചു. സിറ്റി പോലീസ് കമ്മീഷണർ എം.പി. ദിനേശ്, കോളജ് ഡയറക്ടർ സിസ്റ്റർ ഡോ. വിനിത, പ്രിൻസിപ്പൽ ഡോ.സജിമോൾ അഗസ്റ്റിൻ എന്നിവരും പങ്കെടുത്തു.