ഒരു കുടുംബത്തിന്റെ തലവര മാറ്റിമറിക്കാൻ ഒരു പ്ലാവ് കാരണമായ സംഭവമാണ് സോഷ്യൽ മീഡിയായിൽ ചർച്ചാവിഷയമാകുന്നത്. മുപ്പത്തിയഞ്ച് വർഷങ്ങൾക്കു മുന്പാണ് കർണാടകയിലെ തുമകുരു ജില്ലയിലെ ചെലൂർ ഗ്രാമത്തിൽ എസ്. കെ. സിദ്ധപ്പ എന്ന സാധാരണക്കാരനായ ഒരാൾ പ്ലാവ് നട്ടു വളർത്തിയത്. വർഷങ്ങൾ പിന്നിട്ടപ്പോൾ സിദ്ധപ്പ മരണമടഞ്ഞു. പിന്നീട് മകൻ പരമേശ്വരയായിരുന്നു പ്ലാവിന്റെ സംരക്ഷകൻ.
ഈ പ്ലാവിൽ കായ്ക്കുന്ന കുഞ്ഞൻ ചക്കകളുടെ ചുളകൾക്കാണ് പ്രത്യേകത. പരമാവധി 2.5 കിലോഗ്രാം മാത്രം ഭാരമുള്ള, വളരെയേറെ പോഷക ഗുണങ്ങളുള്ള ഈ ചുളകളുടെ നിറം ചുവപ്പാണ്. പ്ലാവിന്റെ പ്രത്യേകതയറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളുമായി നിരവധിയാളുകൾ അദ്ദേഹത്തെ തേടിയെത്തി. അതോടെ ഈ ചക്കയെക്കുറിച്ച് നാട്ടിലെങ്ങും പാട്ടായി. എന്നാൽ ഈ പ്ലാവിൽ നിന്നും ഒരു ചക്ക പോലും പരമേശ്വര വിറ്റിട്ടില്ല. അപൂർവയിനം പ്ലാവ് നശിക്കാതെ നിലനിർത്തുന്നത് എങ്ങനെയെന്ന് ചിന്തിച്ചിരുന്ന പരമേശ്വരയ്ക്ക് സഹായമായി എത്തിയത് ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഹോട്ടികൾച്ചറൽ റിസർച്ച് എന്ന സർക്കാർ സ്ഥാപനമാണ്.
തുടർന്ന് ഗ്രാഫ്റ്റിംഗിലൂടെ പ്ലാവിൻ തൈകൾ ഉത്പാദിപ്പിക്കാൻ പരമേശ്വരയും ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരും തമ്മിൽ ധാരണയായി. ധാരണ പ്രകാരം തൈകൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പേരിൽ വിൽക്കുകയും വരുമാനത്തിന്റെ 75% പരമേശ്വരയ്ക്കു നൽകുകയും ചെയ്യും. മാത്രമല്ല പ്ലാവിന്റെ ജനിതക അവകാശവും പരമേശ്വരയ്ക്കാണ്. ഈ പ്ലാവിൻ തൈകൾക്ക് ഇപ്പോൾ തന്നെ പതിനായിരത്തിലധികം ഓർഡർ ലഭിച്ചതായി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എം. ആർ. ദിനേശ് അറിയിച്ചു. ഇത്രയും തൈകൾ വിൽക്കുന്പോൾ പരമേശ്വരയ്ക്ക് പത്ത് ലക്ഷം രൂപ ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ ചക്കച്ചുളകളെ സംബന്ധിച്ച പഠനങ്ങൾ പുരോഗമിക്കുകയാണ്. ഈ ചുളകളിൽ ആന്റി ഓക്സിഡന്റുകൾ ധാരാളമായുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. പരമേശ്വരയുടെ പിതാവിന്റെ സ്മരണയ്ക്കായി ഈ പ്ലാവിൻ തൈകൾക്ക് സിദ്ധു എന്ന പേരിട്ടതായും ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ വ്യക്തമാക്കി.