നരേന്ദ്രമോദിയോട് മാപ്പ് പറയുമോ? മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം പ്രകോപനപരമായി; കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ റിപ്പബ്ലിക് ടിവിയുടെ മൈക്ക് വലിച്ചെറിഞ്ഞു; വീഡിയോ വൈറല്‍

നരേന്ദ്രമോദിയെ തരംതാഴ്ന്നവനെന്ന് ആക്ഷേപിച്ചതില്‍ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരെ പാര്‍ട്ടി പുറത്താക്കി. പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് നേതൃത്വം പുറത്താക്കിയിരിക്കുന്നത്. ജാതീയമായി ആക്ഷേപിച്ചതിനാണ് നടപടി. മണി ശങ്കര്‍ അയ്യര്‍ മാപ്പുപറയണമെന്ന് പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അദ്ദേഹത്തോടാവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിക്കെതിരായ മോശം പരാമര്‍ശത്തില്‍ ട്വിറ്ററിലൂടെയാണ് രാഹുല്‍ തന്റെ അതൃപ്തി അറിയിച്ചിരുന്നത്. മണിശങ്കര്‍ അയ്യരുടെ വിവാദ പരാമര്‍ശത്തിന് ക്ഷമ ചോദിക്കുന്നതായും രാഹുല്‍ പറഞ്ഞിരുന്നു.

ബി.ജെ.പിയും പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ വളരെ മോശം ഭാഷ ഉപയോഗിക്കാറുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന് വ്യത്യസ്തമായ സംസ്‌കാരവും പാരമ്പര്യവുമാണുള്ളത്. മണിശങ്കര്‍ അയ്യര്‍ പ്രധാനമന്ത്രിക്കെതിരെ ഉപയോഗിച്ച ഭാഷ അംഗീകരിക്കാനാകില്ല. അദ്ദേഹം അതില്‍ മാപ്പുപറയുമെന്നാണ് താനും കോണ്‍ഗ്രസ് പാര്‍ട്ടിയും കരുതുന്നതെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. മോദി തരംതാഴ്ന്ന, സംസ്‌കാരമില്ലാത്ത വ്യക്തിയാണ്. ഈ സമയത്ത് എന്തിനാണ് അദ്ദേഹം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നത് എന്നായിരുന്നു മണിശങ്കര്‍ അയ്യരുടെ പ്രസ്താവന.

ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ പരാമര്‍ശിക്കാതെ ഇന്ത്യയുടെ നിര്‍മിതിക്കായി ഡോ. ബി ആര്‍ അംബേദ്കര്‍ നല്‍കിയ സംഭാവനകളെ കുറിച്ച് മോദി സംസാരിച്ചതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അംബേദ്കറിന്റെ പരിശ്രമങ്ങളെ തഴയാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും അത് വിജയിച്ചില്ലെന്നുമുള്ള മോദിയുടെ പ്രസ്താവനയാണ് മണിശങ്കര്‍ അയ്യരെ ചൊടിപ്പിച്ചത്. പിന്നീട് രാഹുല്‍ ഗാന്ധിയുടെ ആവശ്യപ്രകാരം മോദിയോട് മാപ്പ് പറയുമോയെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനിടെയാണ് മണിശങ്കര്‍ അയ്യര്‍ ക്ഷുഭിതനാവുകയും മൈക്ക് പിടിച്ചുവാങ്ങി എറിയുകയും ചെയ്തത്.

 

Related posts