മുംബൈ: നിലവിലെ ഇന്ത്യൻ ടീമിന് ദക്ഷിണാഫ്രിക്കയിൽ ആദ്യ പരന്പര വിജയം സമ്മാനിക്കാനാകുമെന്ന് മുൻ ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡ്. മികച്ച കഴിവുള്ള പേസർമാരും സ്പിന്നർമാരും ഓൾറൗണ്ടറായ ഹാർദിക് പാണ്ഡ്യയും അടങ്ങുന്ന ഇന്ത്യൻ ടീമിന്റെ ആഴം പ്രോട്ടീസിനെ അവരുടെ മണ്ണിൽ തോൽപ്പിക്കാൻ കരുത്തുള്ളതാണെന്നും ദ്രാവിഡ് പറയുന്നു.
നിലവിലെ ഇന്ത്യൻ ടീമിന്റെ ആഴം കണക്കിലെടുത്താൻ ഇപ്പോൾ മികച്ച അവസരമാണ് ലഭിച്ചിട്ടുള്ളത്. നമുക്കു മികച്ച പേസർമാരുണ്ട്. ആവശ്യമെങ്കിൽ കളിപ്പിക്കാൻ കഴിയുന്ന മികച്ച ഓൾറൗണ്ടറുണ്ട്. അശ്വൻ, ജഡേജ തുടങ്ങിയ ലോകോത്തര സ്പിന്നർമാരുണ്ട്. 40-50 ടെസ്റ്റിന്റെ അനുഭവസന്പത്തുള്ളവരാണ് ദക്ഷിണാഫ്രിക്കയിലേക്കു പോകുന്ന ടീമിലെ ബാറ്റ്സ്മാൻമാർ- ദ്രാവിഡ് പറയുന്നു. എന്നിരുന്നാലും ദക്ഷിണാഫ്രിക്കയിൽ ജയിക്കണമെങ്കിൽ അല്പം ഭാഗ്യംകൂടി ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ ഒന്നാം നന്പർ ടെസ്റ്റ് ടീമായ ഇന്ത്യക്ക് പക്ഷേ ദക്ഷിണാഫ്രിക്കയിൽ ഒരു വാംഅപ്പ് മത്സരം മാത്രമാണ് ലഭിച്ചിരിക്കുന്നത്. ചാന്പ്യൻസ് ട്രോഫി മുതൽ ഇന്ത്യ തുടർച്ചതായി ക്രിക്കറ്റ് കളിക്കുന്ന കാര്യം അടുത്തിടെ നായകൻ വിരാട് കോഹ്ലി ചൂണ്ടിക്കാട്ടിയിരുന്നു. ലങ്കയ്ക്കെതിരായ ഏകദിന, ട്വന്റി 20 പരന്പരകളിൽ കോഹ്ലിക്കു വിശ്രമം അനുവദിച്ചിരിക്കുകയാണ്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരന്പര ജയിക്കാനായാൽ തുടർച്ചയായി ഏറ്റവും കൂടുതൽ പരന്പര വിജയങ്ങൾ സ്വന്തമാക്കുന്ന ടീമെന്ന റിക്കാർഡ് പേരിൽ കുറിക്കാൻ വിരാട് കോഹ്ലിക്കും സംഘത്തിനുമാകും. മൂന്നു ടെസ്റ്റുകളാണ് ജനുവരി അഞ്ചിന് തുടങ്ങുന്ന പരന്പരയിലുള്ളത്.