ബംഗളൂരു: ഇന്ത്യയിലെ വന്പൻ സ്റ്റാർട്ടപ്പുകൾക്കു തൊഴിൽ പരിചയമുള്ളജീവനക്കാരേക്കാൾ പുതുമുഖങ്ങളോടാണ് കൂടുതൽ പ്രിയമെന്നു പഠനറിപ്പോർട്ട്. ഫ്ലിപ്കാർട്ട്, ഹൈക്ക്, ഇൻമൊബി, സിഗ്മ, ഒല, ഷോപ് ക്ലൂസ്, പേടിഎം, സ്നാപ് ഡീൽ എന്നീ ഒൻപതു വന്പൻ സ്റ്റാർട്ടപ്പുകളെ അടിസ്ഥാനമാക്കി ഒരു സ്വകാര്യ ഏജൻസി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിവായത്.
ഈ കന്പനികൾ കഴിഞ്ഞ ഒരു വർഷക്കാലയളവിൽ നടത്തിയ നിയമനത്തിൽ ഏറെയും പുതുതായി പഠിച്ചിറങ്ങിയ ബിരുദദാരികളെയാണു പരിഗണിച്ചതെന്നു റിപ്പോർട്ടിൽ പറയുന്നു. മേൽപ്പറഞ്ഞ ഒൻപതു കന്പനികളിൽ ഏറ്റവും കൂടുതൽ തൊഴിൽ നിയമനങ്ങൾ നടത്തിയതിന്റെ ഖ്യാതി ഇ കോമേഴ്സ് രംഗത്തുള്ള സ്നാപ് ഡീലിനാണ്. ഒൻപത് കന്പനികളും നടത്തിയ നിയമനങ്ങളിൽ 53 ശതമാനവും സ്നാപ്ഡീലിന്റെ പേരിലാണത്രേ. എന്നാൽ, അടുത്തിടെ സ്നാപ് ഡീൽ വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു.
ഇ കൊമേഴ്സ് അതികായൻ ഫ്ലിപ്കാർട്ടുമായുള്ള ലയനനീക്കം പാളിയതോടെയാണ് സ്നാപ് ഡീൽ ജീവനക്കാരെ വൻതോതിൽ പിരിച്ചുവിട്ടതെന്നാണ് വിലയിരുത്തൽ. നോട്ടുനിരോധനത്തെത്തുടർന്ന് ഇന്ത്യയിൽ വേരോട്ടം വേഗത്തിലായ ഈ വാലറ്റ് കന്പനി പേടിഎം ആണ് തൊഴിൽനിയമനങ്ങളിൽ രണ്ടാം സ്ഥാനത്തുള്ളത്. കസ്റ്റമർ കെയർ എക്സിക്യൂട്ടീവുകൾ, കോൾ സെന്റർ പ്രതിനിധികൾ, പ്രോസസ് എൻജിനിയേഴ്സ് തുടങ്ങിയ മേഖലകളിലേക്കാണ് സ്റ്റർട്ടപ്പുകൾ മുൻ പരിചയമില്ലാത്ത ജീവനക്കാരെ കൂടുതലായി നിയമിക്കുന്നത്.
12,000 രൂപമുതൽ 20,000 രൂപവരെയാണ് ഇവരുടെ ശരാശരി വേതനം. പുതുമുഖങ്ങളെ പരിഗണിച്ചാൽ കരാർ നിയമനം നടത്തിയാൽ മതിയാകുമെന്നതാണു കന്പനികളുടെ നേട്ടം. ഇതിലൂടെ മൂലധനച്ചെലവ് കുറയ്ക്കാനും കഴിയുമത്രേ. എന്നാൽ, തൊഴിൽസുരക്ഷയില്ലാത്തതാണ് ഇത്തരം കന്പനികളുടെ പ്രധാന പോരായ്മയെന്നും റിപ്പോർട്ടിൽ പറയുന്നു.