തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ അധിക്ഷേപ പരാമർശവുമായി കേരള കോണ്ഗ്രസ്-എം. കാനത്തെ കുശിനിക്കാരൻ എന്നു വിളിച്ച പാർട്ടി നേതാവ് എൻ.ജയരാജ് എംഎൽഎ, മാണി ഗ്രൂപ്പ് ഇടതുമുന്നണിയിൽ പ്രവേശിക്കാൻ അപേക്ഷിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
കാനം രാജേന്ദ്രൻ ഇടതുമുന്നണിയിലെ വെറും കുശിനിക്കാരൻ മാത്രമാണ്. ഇടതു മുന്നണിയിലേക്കുള്ള പ്രവേശനത്തിൽ തീരുമാനം പറയേണ്ടത് കാരണവൻമാരാണ്. അവിടെ കുശിനിക്കാരന് എന്തു കാര്യം?- ജയരാജ് എംഎൽഎ പറഞ്ഞു. കേരള കോണ്ഗ്രസ്-എം ഒരു മുന്നണിയിൽ പ്രവേശിക്കാനും അപേക്ഷ നൽകി കാത്തിരിക്കുന്നില്ലെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
നേരത്തെ, കേരള കോണ്ഗ്രസ് എമ്മിനെ ഇടതു മുന്നണിയിൽ ഉൾപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് കാനം തുറന്നടിച്ചിരുന്നു. മാണി ഗ്രൂപ്പിനെ തൈലം പൂശി സ്വീകരിക്കേണ്ട പുതിയ സാഹചര്യമില്ലെന്നും സോളാർ കേസിൽ പ്രതിയായ ഒരാളുടെ പാർട്ടിയെ ഒപ്പം കൂട്ടേണ്ടതില്ലെന്നും കാനം പറഞ്ഞു. മാണിയുടെ അഴിമതിക്കെതിരെ സമരം നടത്തിയാണ് എൽഡിഎഫ് അധികാരത്തിൽ വന്നതെന്നും കാനം ഓർമിപ്പിച്ചു.