ബോളിവുഡിലെ യുവതാരം ഷാഹിദ് കപൂർ പറയുന്നത് തള്ളാണോയെന്ന് സംശയം. സഞ്ജയ് ലീല ബൻസാലി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം പത്മാവതിയിൽ അഭിനയിക്കാൻ ശരീരഭാരം അഞ്ചു ദിവസംകൊണ്ട് നാലുകിലോ കുറച്ചെന്നാണ് താരം തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. അഞ്ചു ദിവസംകൊണ്ട് നാലുകിലോ തൂക്കം ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടി കുറച്ചുവെന്ന് പറയുന്നത് തള്ള് അല്ലേയെന്നാണ് താരത്തിന്റെ ആരാധകർ പോലും സംശയിക്കുന്നത്.
ചിത്രത്തിൽ അഭിനയിക്കാൻ ശരീരം ഫിറ്റാക്കണമെന്ന് സംവിധായകൻ സഞ്ജയ് ലീല ബൻസാലി ഷാഹിദിനോട് കഥ പറഞ്ഞപ്പോഴേ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് കടുത്ത വ്യായാമത്തിൽ താരം ഏർപ്പെട്ടു. ഡയറ്റിംഗിലും നന്നായി ശ്രദ്ധിച്ചു. സ്വന്തമായിട്ടൊരു ജിംനേഷ്യം ഉണ്ടാക്കിയും പരിശീലകനെ വച്ചുമാണ് ചിത്രത്തിൽ അഭിനയിക്കാനായി താരം ശരീരം ഫിറ്റാക്കിയത്. ഇതൊക്കെ സത്യമാണെങ്കിലും അഞ്ചു ദിവസംകൊണ്ട് നാലുകിലോ കുറഞ്ഞുവെന്ന് പറയുന്നത് വിശ്വസിക്കാൻ പലരും പ്രയാസപ്പെടുകയാണ്.
ചിത്രത്തിൽ വാൾപയറ്റ് ഉൾപ്പെടെ ആക്ഷൻ രംഗത്ത് താരം അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് സുന്ദരി ദീപിക പദുക്കോണ്‍ ആണ് ചിത്രത്തിലെ നായിക. ദീപികയുടെ ഭർത്താവായ രാജ രത്തൻ സിംഗിന്റെ വേഷമാണ് ഷാഹിദ് അഭിനയിക്കുന്നത്. അലാവുദ്ദീൻ ഖിൽജി ആയി രണ്‍വീർ സിംഗും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. രണ്‍വീർ സിംഗ് ദീപികയുടെ കാമുകൻ കൂടിയാണ്. ചിത്രത്തിന്റെ റിലീസിംഗുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിൽ ചിത്രം എപ്പോൾ പ്രദർശനത്തിനെത്തുമെന്നതിനെ സംബന്ധിച്ചുള്ള അവ്യക്തത തുടരുകയാണ്.