പത്തനംതിട്ട: വിവാഹവാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലെത്തിയ യുവതി കൈയിലെ ഞരന്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പരാതി ലഭിച്ചാൽ കേസെടുക്കുമെന്ന് പോലീസ്. ബുധനാഴ്ച രാത്രി ഒന്‍പതോടെ ചെന്നീർക്കര ഐടിഐയ്ക്ക് സമീപമായിരുന്നു സംഭവം. ആരോപണ വിധേയനായ യുവാവ് യൂത്ത് കോണ്‍ഗ്രസിന്റെ ആറന്മുള നിയോജക മണ്ഡലം ഭാരവാഹിയാണ്.
മുന്‍പ് വിദേശത്തായിരുന്ന സമയത്ത് നരിയാപുരം സ്വദേശിനിയുമായി അടുപ്പത്തിലായിരുന്നു. വിവാഹ വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് യുവതി പറയുന്നത്. യുവാവിന്റെ വീട്ടിലെത്തിയ യുവതി ഞരന്പ് മുറിക്കുകയായിരുന്നു. യുവാവിന്റെ മാതാവാണ് രക്തം വാർന്ന് അവശനിലയിലായ യുവതിയെ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. നില ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകണമെന്ന് ഡോക്ടർമാർ അറിയിച്ചു.