മാഡ്രിഡ്: പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫുട്ബോളറാണെന്ന് റയൽ മാഡ്രിഡ് പരിശീലകൻ സിനദീൻ സിദാൻ. തന്നെക്കാളും വളരെ മികച്ചവനാണ് ക്രിസ്റ്റ്യാനോയെന്നും സിദാൻ പറഞ്ഞു. ബാലൺ ഡി ഓർ പുരസ്കാരം സ്വന്തമാക്കിയ റയൽ താരത്തെ പുകഴ്ത്താൻ ഫ്രഞ്ച് ഇതിഹാസം വാക്കുകൾക്ക് പിശുക്ക് കാണിച്ചതേയില്ല.
ക്രിസ്റ്റ്യാനോ എക്കാലവും റയലിൽ തന്നോടൊപ്പം ഉണ്ടാകുമെന്നും സിദാൻ പ്രതീക്ഷ പ്രകടിപ്പിച്ചു. നിരവധി കാര്യങ്ങൾ ക്രിസ്റ്റ്യാനോയെക്കുറിച്ച് പറയാനാവും. എന്നാൽ ഓരോ മത്സരത്തിലും കളത്തിൽ എന്താണ് അയാൾ നടപ്പാക്കുകയെന്നത് ആശ്ചര്യകരമാണെന്നും റയലിന്റെ ആശാൻ പറഞ്ഞു.
ഇനിയൊരു താരം ഇവിടെവന്ന് പതിനഞ്ചോ ഇരുപതോവർഷം ചെയ്യുന്ന കാര്യങ്ങൾ അയാൾ ചെയ്തുവച്ചതിനു അടുത്തെങ്ങും എത്തില്ല. ക്രിസ്റ്റ്യാനോ ക്ലബിനൊപ്പം ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. അദ്ദേഹം വിരമിക്കുന്നതും റയലിനൊപ്പം തന്നെയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിദാൻ പറഞ്ഞു.
ബാഴ്സലോണയുടെ അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസിയെയും ബ്രസീലിയന്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ നെയ്മറെയും പിന്തള്ളിയാണ് പോര്‍ച്ചുഗീസ് ഇതിഹാസം ബാലൺ ഡി ഓർ പുരസ്കാരം സ്വന്തമാക്കിയത്. ഏറ്റവും കൂടുതല്‍ ബാലന് ഡി ഓര് നേടുന്ന താരമെന്ന അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ റിക്കാര്ഡിനൊപ്പമെത്തിയിരിക്കുകയാണ് റൊണാള്‍ഡോ.
പാരീസിലെ ഐഫല്‍ ഗോപുരത്തില്‍ വ്യാഴാഴ്ച വൈകുന്നേരം നടന്ന ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്. കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡിന് ചാ മ്പ്യന്‍സ് ലീഗും ലാ ലിഗ കിരീടവും നേടിക്കൊടുക്കുന്നതില്‍ റൊണാള്‍ഡോയുടെ പ്രകടനം നിര്‍ണായകമായിരുന്നു. ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെ ഗോള്‍ നേട്ടം റൊണാള്‍ഡോക്ക് ഗുണമായി. നേരത്തെ 2008, 2013, 2014, 2016 വര്‍ഷങ്ങളിലാണ് റൊണാള്‍ഡോ പുരസ്കാരം നേടിയത്.