എരുമേലി: രാത്രിസമയങ്ങളിൽ പതിവായി വീടുകളുടെ കതകിൽ തട്ടി ശബ്ദമുണ്ടാക്കിയ ശേഷം ഓടിമറയുന്നത് കളളനാണെന്ന സംശയത്തിൽ നാട്ടുകാർ കാവൽ തുടർന്നപ്പോൾ വലയിലായത് കാമുകൻ. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.
ഒരുമിച്ച് ജോലി ചെയ്യുന്ന വീട്ടമ്മയോട് പണം കടം വാങ്ങാനെത്തിയതാണെന്ന് പറഞ്ഞ് രക്ഷപ്പെടാനൊരുങ്ങിയ യുവാവിനെ നാട്ടുകാർ തടഞ്ഞുവച്ച് പോലീസിന് കൈമാറുകയായിരുന്നു. യുവാവിന്റെ ഷർട്ടിൽ നീളമേറിയ മുടിയിഴകൾ കണ്ടതാണ് സംശയം സൃഷ്ടിച്ചത്. ഇതോടെ താൻ പറഞ്ഞത് കളളമാണെന്ന് യുവാവിന് സമ്മതിക്കേണ്ടി വന്നു.
പീരുമേട് സ്വദേശിയായ യുവാവാണ് രഹസ്യമായി രാത്രിയിൽ വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയത്. ചോദ്യം ചെയ്ത ശേഷം യുവാവിനെ താക്കീത് നൽകി ബന്ധുക്കൾക്കൊപ്പം വിട്ടയച്ചെന്ന് പോലീസ് പറഞ്ഞു. കളളന് പകരം കാമുകനാണ് കുടുങ്ങിയതെങ്കിലും രാത്രി കാവൽ ശക്തമാക്കിയിരിക്കുകയാണ് നാട്ടുകാർ.