കൊടകര: കാർഷികരംഗത്തെ ഗവേഷകർ പരീക്ഷണശാലയിൽ നിന്ന പാടത്തേക്കും ഉദ്യോഗസ്ഥർ ഫയലിൽ നിന്ന് വയലിലേക്കും ഇറങ്ങിവരണമെന്ന് കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ കൊടകരയിൽ തുറന്ന ബ്ലോക്കുതല വിള ആരോഗ്യപരിപാലന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷിക വിളകളിൽ നിന്ന് മൂല്യവർധിത ഉല്പന്നങ്ങൾ ഉണ്ടാക്കി വില്പന നടത്തിയാലേ കൃഷി ലാഭകരമാക്കി മുന്നോട്ടുപോകാനാവൂ. ഇതിന്റെ ഭാഗമായിട്ടാണ് വയനാട്ടിൽ നേന്ത്രക്കായ ഉൾപ്പടെയുള്ള പഴങ്ങൾ സംസ്കരിക്കുന്നതിനായുള്ള കേന്ദ്രം തുറന്നത്.
ഇത്തരത്തിലുള്ള രണ്ടാമത്തെ കേന്ദ്രം വൈകാതെ ചാലക്കുടിയിലെ പരിയാരത്ത് തുറക്കുമെന്നും മന്ത്രി അറിയിച്ചു. കർഷകരുടെ ക്ഷേമത്തിനായി ഫാർമേഴ്സ് വെൽഫയർ ബോർഡ് വൈകാതെ രൂപൂകരിക്കും. കൃഷിവകുപ്പുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിർവഹിക്കുന്നതിനു പകരം വൃക്ഷത്തൈകൾക്കു വെള്ളമൊഴിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്താൽ മതിയെന്ന് മന്ത്രി പറഞ്ഞു.
നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്യുന്നതിനു പകരം വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്താൽ പലതാണ് ഗുണങ്ങൾ. ചടങ്ങിന്റെ ഓർമ്മയായി മരം വളർന്നു നിൽക്കുന്നതിനു പുറമെ ഭൂമിയുടെ പച്ചപ്പു വർധിക്കും.വിശ്വാസികൾക്കും അവിശ്വാസികൾക്കും ഒരു പോലെ ചെയ്യാവുന്നതാണ് വൃക്ഷതൈക്ക് വെള്ളമൊഴിക്കലെന്നും മന്ത്രി പറഞ്ഞു.
നിലവിളുക്കു കൊളുത്തിയാൽ അതിലെ എണ്ണവറ്റുന്നതുവരെ മാത്രമേ പ്രകാശിക്കൂ എന്നാൽ വൃക്ഷത്തൈക്ക് വെള്ളമൊഴിച്ചുദ്ഘാടനം ചെയ്താൽ പതിനായിരം ചടങ്ങുകൾ നടന്നാൽ പതിനായിരം വൃക്ഷത്തൈകൾ വളരുമെന്നും അവ തലമുറകളോളം നിലനിൽക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബി.ഡി.ദേവസി എഎൽഎ അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്പിളി സോമൻ മുഖ്യാതിയിരുന്നു.
ജില്ല പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജെ.ഡിക്സൻ, കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആർ.പ്രസാദൻ, വൈസ് പ്രസിഡന്റ് കെ.എസ്.സുധ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോയ് നെല്ലിശേരി, പ്രിൻസിപ്പൽ കൃഷി ഓഫീസർ അബ്ദുൾമജീദ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ രമ കെ.നായർ, ഇ.എൽ.പാപ്പച്ചൻ, വിലാസിനി ശശി, എൽ.ജയശ്രീ, എ.സി.വേലായുധൻ, മിനിദാസൻ,കെ.എ.തോമസ്,വി.കെ.സുബ്രഹ്മണ്യ എന്നിവർ സംസാരിച്ചു.
ഇതോടനുബന്ധിച്ചു നടന്ന കാർഷിക സെമിനാറിൽ മണ്ണുത്തി ബയോകണ്ട്രോൾ ലാബിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഇ.എസ്.മിനി സംയോജിത കീടനിയന്ത്രണത്തെ കുറിച്ച് ക്ലാസെടുത്തു.