കടുത്തുരുത്തി: ആശുപത്രികളിൽ ജോലിസാധ്യതയുണ്ടെന്നു കാണിച്ചുള്ള പത്രപരസ്യം കണ്ട് പാരാമെഡിക്കൽ കോഴ്സ് പഠിക്കാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. മാഞ്ഞൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ പഠിക്കാനെത്തിയ എറണാകുളം ജില്ലക്കാരിയായ പെണ്‍കുട്ടിയാണ് പരാതിക്കാരി. സംഭവത്തിൽ ഇരവിമംഗലം സ്വദേശി ജോമോൻ (40) നെ പോലീസ് അറസ്റ്റ് ചെയ്തു.
പത്രത്തിൽ പരസ്യം നൽകിയാണ് സ്ഥാപനത്തിലേക്കു നിർധനരായ പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്തിരുന്നതെന്നു പോലീസ് പറഞ്ഞു. പഠനത്തിനൊപ്പം ജോലിയെന്ന രീതിയിൽ പരസ്യം നൽകിയായിരുന്ന തട്ടിപ്പ്. ഇത്തരത്തിൽ പരസ്യം കണ്ട് പഠിക്കാനെത്തുന്ന പെണ്‍കുട്ടികളെ മഹാരാഷ്ട്രയിലും മറ്റും എത്തിച്ചാണ് പരിശീലനം നൽകിയിരുന്നതെന്നു പോലീസ് പറയുന്നു. നിർധന കുടുംബത്തിൽപ്പെട്ട 20 കാരിയാണ് ജോമോൻ പീഡിപ്പിച്ചതായി പരാതി നൽകിയത്.
കൂടുതൽ പെണ്‍കുട്ടികൾ പീഡനത്തിനിരയായിട്ടുണ്ടോയെന്ന കാര്യത്തിൽ സംശയമുണ്ടെന്നും കേസ് അന്വേഷിക്കുന്ന സിഐ കെ.പി. തോംസണ്‍ പറഞ്ഞു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് പ്രതി. പരാതിക്കിടയായ സ്ഥാപനത്തിന് ആവശ്യമായ അംഗീകാരവും ലൈസൻസും ഉണ്ടോയെന്ന കാര്യവും അന്വേഷിക്കേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു. യാതൊരുവിധ സൗകര്യങ്ങളുമില്ലാതെ നടത്തുന്ന സ്ഥാപനത്തിൽ നിർധനരായ പെണ്‍കുട്ടികളെ ചതിയിൽപ്പെടുത്തിയാണ് എത്തിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.