ദേശീയ പുരസ്‌കാര ജേതാവിനെ ആദരിക്കാനുള്ള വേദിയല്ല ചലച്ചിത്രമേള! പാസ് ആരുടെയും വീട്ടില്‍ കൊണ്ടുപോയി കൊടുക്കാനും സാധിക്കില്ല; നടി സുരഭി ലക്ഷ്മിയുടെ ആരോപണങ്ങള്‍ക്ക് സംവിധായകന്‍ കമലിന്റെ മറുപടി

രാജ്യാന്തര ചലച്ചിത്ര മേളയില്‍ പാസ് ലഭിച്ചില്ലെന്ന് പറഞ്ഞ് ദേശീയ പുരസ്‌കാര ജേതാവ് സുരഭി ലക്ഷ്മി രംഗത്തുവന്ന സംഭവത്തില്‍ മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. സുരഭിക്കായി പാസ് തയ്യാറാക്കി വെച്ചിട്ടുണ്ട് എന്നും അത് ആരുടെയും വീട്ടില്‍ കൊണ്ടുപോയി കൊടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പുരസ്‌കാര ജേതാവിനെ ആദരിക്കാനുള്ള വേദിയല്ല ചലച്ചിത്രമേളയെന്നും, മുമ്പ് ദേശീയ അവാര്‍ഡ് നേടിയിട്ടുള്ള സലീം കുമാറിനെയോ സുരാജ് വെഞ്ഞാറമൂടിനെയോ മേളയില്‍ പ്രത്യേകസ്ഥാനം നല്‍കി ആദരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടനത്തിനായി എത്തിയ നടി ഷീലയും രജിഷയും പ്രത്യേക ക്ഷണപ്രകാരമല്ല എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല മത്സരവിഭാഗത്തില്‍ ആണ് മിന്നാമിനുങ്ങ് എന്ന ചിത്രത്തെ പരിഗണിച്ചിരുന്നത് മറ്റ് വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്താന്‍ റൂള്‍സ് ഇല്ലാത്തതിനാലാണ് ചിത്രം മേളയില്‍ ഇല്ലാതെ പോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരുപ്പത്തിരണ്ടാമത് ചലച്ചിത്ര മേളയില്‍ ദേശീയ അവാര്‍ഡ് ജേതാവായ തന്നെ അവഗണിച്ചെന്നും തന്റെ ചിത്രത്തെ പ്രദര്‍ശനത്തില്‍ നിന്ന് ഒഴിവാക്കിയെന്നും സുരഭി ആരോപിച്ചിരുന്നു.

ചലച്ചിത്രമേലളയിലേക്ക് തനിക്ക് ഓണ്‍ലൈന്‍ പാസ് ലഭിച്ചില്ലെന്നും സംഘടിപ്പിച്ച് തരാമെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞിരുന്നെങ്കിലും പിന്നീട് പ്രതികരണമൊന്നും ഉണ്ടായില്ലെന്നും സുരഭി ആരോപിച്ചിരുന്നു. അവള്‍ക്കൊപ്പം എന്ന് വിളിച്ചു പറയുന്നവരാണ് മേളയില്‍ മുഴുവനും. എങ്കില്‍ പോലും അവര്‍ക്കൊപ്പം നില്‍ക്കുന്ന ‘അവള്‍’ ആകാന്‍ തനിക്ക് എത്ര കാലവും ദൂരവും ഉണ്ടെന്നും അവരോട് അടുത്തു നില്‍ക്കുന്ന നടിമാരില്‍ ആര്‍ക്കെങ്കിലുമാണ് ഈ പുരസ്‌കാരം കിട്ടിയിരുന്നതെങ്കില്‍ ഇതാണോ സംഭവിക്കുക എന്നും സുരഭി ചോദിച്ചിരുന്നു.

ഇത്തരത്തില്‍ അവഗണിക്കപ്പെടുന്നവര്‍ക്കായി പുതിയ ഒരു സംഘടന വേണ്ടി വരെമോയെന്നു ചോദ്യവും സുരഭി ഉന്നയിച്ചിരുന്നു. ഇതിനിടെ, ദേശീയ അവാര്‍ഡ് ജേതാവായ സുരഭിയെ വേണ്ടാത്ത ചലച്ചിത്രമേള തനിക്കും വേണ്ടെന്ന പ്രസ്താവനയുമായി നടന്‍ ജോയ് മാത്യുവും രംഗത്തെത്തിയിരുന്നു.

 

Related posts