ധർമശാല: അനായാസ വിജയം സ്വപ്നം കണ്ടു ധർമശാലയിൽ കളിക്കാനിറങ്ങിയ ഇന്ത്യയെ കളിപഠിപ്പിച്ച് ശ്രീലങ്ക ഏകദിന പരന്പരയിലെ ആദ്യ വിജയം സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ 113 റണ്‍സ് വിജയലക്ഷ്യം 29.2 ഓവർ ബാക്കിനിൽക്കെ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലങ്ക അടിച്ചുകൂട്ടി. ഇതോടെ മൂന്നു മത്സര പരമ്പരയില്‍ ലങ്ക 1-0ന് മുന്നിലെത്തി.
ഇന്ത്യൻ ബാറ്റിംഗ് നിര നിലയുറപ്പിക്കാൻ പെടാപ്പാടുപെട്ട പിച്ചിൽ 49 റണ്‍സുമായി ഉപുൽ തരംഗ ലങ്കയുടെ മുന്നേറ്റത്തിനു ചുക്കാൻ പിടിച്ചു. 19 റണ്‍സിനിടെ രണ്ടു വിക്കറ്റ് വീഴ്ത്തി ബൗളർമാർ ഇന്ത്യക്കു പ്രതീക്ഷ നൽകിയെങ്കിലും തരംഗ പിടിച്ചുനിന്നതോടെ ഇന്ത്യൻ പ്രതീക്ഷകൾ പൊലിച്ചു. താരംഗ പുറത്തായശേഷം അഞ്ചലോ മാത്യൂസ്(25), നിരോഷൻ ഡിക്വെല്ല(26) എന്നിവർ ചേർന്നു ലങ്കയെ വിജയത്തിലേക്കു നയിച്ചു. ഇന്ത്യക്കായി ഭുവനേശ്വർ കുമാർ, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്എനിവർ ഓരോവിക്കറ്റ് നേടി.
നേരത്തെ, പുകൾപ്പെറ്റ ഇന്ത്യൻ ബാറ്റിംഗ് നിരയെ ഇന്ത്യൻ മണ്ണിൽ എറിഞ്ഞൊതുക്കിയാണ് ശ്രീലങ്ക നിയന്ത്രിത ഓവർ പരന്പരയ്ക്കു തുടക്കം കുറിച്ചത്. 38.2 ഓവറിൽ ഇന്ത്യ കേവലം 112 റണ്‍സിന് എല്ലാവരും പുറത്തായി. മുൻനിര തകർന്നടിഞ്ഞ ഇന്ത്യയെ നൂറുകടത്തിതിന്റെ ക്രഡിറ്റ് ധോണിക്കു നൽകാം. 65 റണ്‍സുമായി പൊരുതിയ ധോണി മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചുനിൽക്കാനെങ്കിലും ശ്രമിച്ചത്.
17 ഓവറിൽ 29 റണ്‍സെടുക്കുന്നതിനിടെ ഏഴു വിക്കറ്റുകൾ നഷ്ടമായ ഇന്ത്യയെ വാലറ്റത്തെ കൂട്ടുപിടിച്ചു ധോണി നൂറ് കടത്തുകയായിരുന്നു. അവസാനമായി ധോണിയാണ് പുറത്താകുന്നത്.
സ്കോർ ബോർഡ് തുറക്കും മുന്‍പ് ശിഖർ ധവാന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. തൊട്ടുപിന്നാലെ രണ്ടു റണ്‍സുമായി നായകൻ രോഹിത് ശർമ മടങ്ങി. അരങ്ങേറ്റക്കാരൻ ശ്രേയസ് അയ്യർ (9), ദിനേഷ് കാർത്തിക്(0), മനീഷ് പാണ്ഡെ(2), ഹാർദിക്ക് പാണ്ഡ്യ (10), ഭുവനേശ്വർ കുമാർ (0) എന്നിവരൊക്കെ 29 റണ്‍സിനു മുന്‍പ് പവലിയനിൽ തിരിച്ചെത്തി. പത്തോവർ നീണ്ട ഒറ്റ സ്പെല്ലിൽ 13 റണ്‍സ് വഴങ്ങി 4 വിക്കറ്റ് പിഴുതെടുത്ത സുരംഗ ലക്മലാണ് ഇന്ത്യൻ മുൻനിരയെ തകർത്തത്.
എട്ടാം വിക്കറ്റിൽ ഒത്തുചേർന്ന ധോണി-കുൽദീപ് യാദവ് സഖ്യമാണ് ഏകദിന ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോർ എന്ന നാണക്കേടിൽനിന്ന് (സിംബാബ്വെ- 35 റണ്‍സ്) ഇന്ത്യയെ കരകയറ്റിയത്. ഇരുവരും ചേർന്ന് 41 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 19 റണ്‍സ് നേടിയ കുൽദീപ് പുറത്തായതിനു പിന്നാലെ ധോണി ആഞ്ഞടിക്കാൻ തുടങ്ങുകയും ഒടുവിൽ പുറത്താകുകയുമായിരുന്നു.
ഇന്ത്യൻ നിരയിൽ നാലുപേർ പൂജ്യത്തിനു പുറത്തായപ്പോൾ ചാഹലിന് അക്കൗണ്ട് തുറക്കാൻ കഴിഞ്ഞില്ല.വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചതിനാൽ രോഹിത് ശർമയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങിയത്.