ന്യൂഡൽഹി: ദംഗൽ നടി സൈറ വസിമിനു നേരേവിമാനത്തിൽ ലൈംഗിക ആക്രമണത്തിനു ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. വികാസ് സച്ദേവ് എന്ന മുപ്പത്തിയൊന്പതുകാരനെയാണ് മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തത്. മുംബൈയിലെ വീട്ടിൽനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ മുംബൈയിലെ ഹിസാർ പോലീസ് സ്റ്റേഷനിലുള്ള അക്രമിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്നാണു റിപ്പോർട്ട്.
നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. നടിയുടെ മൊഴി രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു.ഡൽഹിയിൽനിന്നു മുംബൈയിലേക്കുള്ള എയർ വിസ്താര വിമാനത്തിൽ യാത്ര ചെയ്യവെ സൈറയുടെ സീറ്റിനു പിന്നിൽ ഇരുന്ന യാത്രക്കാരനാണ് പതിനെട്ടു വയസ് തികയാത്ത നടിക്കുനേരേ അതിക്രമത്തിനു ശ്രമിച്ചത്.
പിന്നിലിരുന്ന യാത്രക്കാരൻ തന്റെ കാൽ ഉപയോഗിച്ച് സൈറയുടെ പിന്നിലും കഴുത്തിലും ഉരസുകയായിരുന്നു. ഉറക്കത്തിലായിരുന്ന താൻ ഞെട്ടിയുണർപ്പോഴാണ് അക്രമിയുടെ കാൽ കാണാൻ കഴിഞ്ഞതെന്നു സൈറ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വെളിപ്പെടുത്തി. പിന്നിലിരുന്നയാൾ അതിക്രമത്തിനു ശ്രമിക്കുന്നതിന്റെ വീഡിയോയും സൈറ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കരഞ്ഞുകൊണ്ടാണ് സൈറ സംഭവങ്ങൾ വിവരിക്കുന്നത്.
അക്രമിയുടെ ചിത്രമെടുക്കാൻ സൈറ ശ്രമിച്ചെങ്കിലും മങ്ങിയ വെളിച്ചമായതിനാൽ ഇതിനു സാധിച്ചില്ല. എന്നാൽ അക്രമി കാൽ ഉപയോഗിച്ച് ഉരസുന്ന ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ട്. പത്തുമിനിറ്റ് നേരത്തേക്ക് അതിക്രമം നീണ്ടുനിന്നെന്ന് സൈറ വീഡിയോയിൽ പറയുന്നു. സംഭവത്തിനു പിന്നാലെ നടിയുടെ മുംബൈയിലെ താമസസ്ഥലത്തെത്തിയ പോലീസ് മൊഴിയെടുത്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് മുംബൈ പോലീസ് കേസെടുത്തത്. കേന്ദ്രവ്യോമയാന മന്ത്രാലയവും സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലും വിമാനക്കന്പനിയിൽ നിന്ന് വിശദീകരണവും തേടിയിരുന്നു.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും എയർ വിസ്താര അധികൃതർ വ്യക്തമാക്കി. വിമാനം ഇറങ്ങാൻ തുടങ്ങുന്പോഴാണ് നടി സഹായമഭ്യർഥിച്ചതെന്നും സീറ്റ്ബെൽറ്റ് ധരിച്ചിരിക്കുന്പോൾ നടക്കാൻ അനുവാദമില്ലാത്തതുകൊണ്ടാണ് ജീവനക്കാർ അടുത്ത് എത്താതിരുന്നതെന്നും വിമാനക്കന്പനി അധികൃതർ പറയുന്നു.