അങ്കമാലി: പൊള്ളാച്ചിയിലുണ്ടായ അപകടത്തിൽ കാണാതായ റിജോ രണ്ടു ദിവസം മുന്പാണ് വിദേശത്തുനിന്ന് എത്തിയത്. രണ്ടു വർഷം മുൻപ് ദുബായിൽ പോയ റിജോ നാട്ടിലെത്തിയതിന്റെ സന്തോഷം പങ്കിടാനാണ് വിനോദയാത്ര പോകാൻ തീരുമാനിച്ചത്. കേൾവിത്തകരാർ ഉള്ളതിനാൽ റിജോ രണ്ടുദിവസം മുൻപു ഡോക്ടറെ കണ്ടിരുന്നു. ചികിത്സകൾ നടക്കവേയാണ് അപകടം. ശനിയാഴ്ച വൈകിട്ടാണ് ഇവർ യാത്ര തിരിച്ചത്.
റിജോയുടെ സുഹൃത്ത് നിജോയുടെ കാർ എടുത്ത് ജാക്സണും റിജോയും ചേർന്ന് ഏഴാറ്റുമുഖത്തെത്തി അമലിനെ കയറ്റി. പിന്നീട് പറന്പയത്തുനിന്ന് ആൽഫയെയും ജിതിനെയും കൂട്ടി മൂന്നാറിനു തിരിച്ചു. അവിടെനിന്ന് ഇവർ ഇന്നലെ പുലർച്ചെ അഞ്ചോടെ പോന്നു. ഉടുമലയിൽ കാർ നിർത്തി ചായ കഴിച്ച ശേഷമാണ് യാത്രതുടർന്നത്.
ഉടുമലയിൽനിന്നു വീണ്ടും യാത്ര തുടങ്ങി 10 മിനിട്ടിനു ശേഷമായിരുന്നു അപകടം. ജിതിനാണ് കാർ ഓടിച്ചിരുന്നത്. ആൽഫയും റിജോയും കാറിന്റെ പിൻസീറ്റിലായിരുന്നു.അപകടത്തിന്റെ ആഘാതത്തിൽ റിജോ കാറിൽനിന്നു തെറിച്ചുപോയി.
അമൽ, ജാക്സണ്, ജിതിൻ എന്നിവരുടെ മൃതദേഹങ്ങൾ വാഹനത്തിനുള്ളിൽനിന്നു തന്നെയാണ് കണ്ടുകിട്ടിയത്. ആദ്യം കനാലിന്റെ വശത്തേക്കു വീണ കാർ തുടർന്ന് തലകീഴായി വെള്ളത്തിലേക്കു മറിയുകയായിരുന്നു. മറൈൻ എൻജിനിയറിംഗ് വിദ്യാർഥിയായ ആൽഫ കാറിനുള്ളിലെ ലൈറ്റിന്റെ ദിശ മനസിലാക്കി വാതിൽ തുറന്ന് നീന്തി രക്ഷപ്പെട്ടു.
പറന്പിക്കുളം-ആളിയാർ പദ്ധതിയുടെ ഭാഗമായുള്ള കനാലിൽ 12 അടിയോളം വെള്ളമുണ്ടായിരുന്നു. ഒട്ടേറെ ടണലുകൾ ഉള്ളതിനാൽ കനാലിൽ തെരച്ചിൽ ദുഷ്കരമാണ്. പോലീസും ഫയർഫോഴ്സും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. മരിച്ച മൂന്നുപേരുടെയും പോസ്റ്റ്മോർട്ടം പൊള്ളാച്ചി ഗവ. ആശുപത്രിയിൽ ഇന്നലെ വൈകുന്നേരം പൂർത്തിയാക്കി, രാത്രി എട്ടോടെ അങ്കമാലിയിലെത്തിച്ചു. മൃതദേഹങ്ങൾ ലിറ്റിൽ ഫ്ലവർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.