ന്യൂഡല്‍ഹി: അന്താരാഷ്ട്ര മെഡല്‍ സ്വന്തമാക്കിയ എല്ലാ കായികതാരങ്ങളെയും കേന്ദ്ര ഗവണ്മെന്റിന്റെ ആരോഗ്യപദ്ധതിയില്‍ ഉള്പ്പെടുത്തണമെന്നഭ്യര്ഥിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുൽക്കര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ പല താരങ്ങളും ഇപ്പോള്‍ രോഗാവസ്ഥയില്‍ കഴിയുന്നതായി സച്ചിന് തന്റെ കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഉദാഹരണമായി, ഇന്ത്യക്ക് ഹോക്കി ഒളിമ്പിക് സ്വര്‍ണം നേടിത്തന്ന മുഹമ്മദ് ശഹീദിന്റെ വിയോഗവും ചൂണ്ടിക്കാട്ടി. മരണത്തിനു തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ മാത്രമാണ് കരള്‍ രോഗബാധിതനായിരുന്ന അദ്ദേഹത്തിനു ചികിത്സ ലഭിച്ചത്. അത് ഗുണകരമായതുമില്ല.
കേന്ദ്രഗവണ്മെന്റ് ജീവനക്കാരായ എല്ലാ താരങ്ങള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ഇപ്പോള്‍ തന്നെ ലഭിക്കുന്നുണ്ട്. അങ്ങനെയല്ലാത്തവര്‍ക്കു കൂടി പദ്ധതിയുടെ ഗുണം ലഭ്യമാക്കണമെന്നാണ് സച്ചിന്റെ അഭ്യര്‍ഥന. കായിക, ആരോഗ്യ മന്ത്രാലയങ്ങളുമായി ഈ വിഷയം നേരത്തേതന്നെ ചര്‍ച്ച ചെയ്തിരുന്നു.