കൊച്ചി: ജാമ്യത്തിലിറങ്ങിയ പ്രതി മുങ്ങിയതിന്റെ പേരിൽ ജാമ്യക്കാർക്ക് അമിതപിഴ ചുമത്തരുതെന്നു ഹൈക്കോടതി നിർദേശം നൽകി. കേസിന്റെ സാഹചര്യമടക്കമുള്ള വസ്തുതകൾ കണക്കിലെടുത്തു കോടതി ഇക്കാര്യം തീരുമാനിക്കണമെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.
പ്രതി കോടതിയിൽ ഹാജരാകാത്തപക്ഷം ജാമ്യക്കാരുടെ ബോണ്ട് കണ്ടുകെട്ടുന്ന നടപടി കോടതിയുടെ പ്രത്യേക ഉത്തരവില്ലാതെ തന്നെ നടപ്പാകുമെങ്കിലും പിഴ ചുമത്തുന്നതിനു മുന്പ് മറ്റു സാഹചര്യങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ടെന്നു കോടതി പറഞ്ഞു. പ്രതി ഹാജരായില്ലെങ്കിൽ ജാമ്യക്കാരെ യാന്ത്രികമായി ശിക്ഷിക്കരുത്.
ഒരു കേസിൽ പ്രതി ഹാജരാകാത്തതിനു ജാമ്യക്കാരായ കൊല്ലം വെളിയം സ്വദേശി സഹദേവൻ, വെളിനെല്ലൂർ സ്വദേശി ബാബു എന്നിവർക്കു കൊല്ലം അഡീ. സെഷൻസ് കോടതി ഓരോ ലക്ഷം രൂപ വീതം പിഴ ചുമത്തി. ഇതിനെതിരേ ഇരുവരും നൽകിയ ഹർജിയാണു സിംഗിൾ ബെഞ്ച് പരിഗണിച്ചത്. പിഴ ചുമത്താനുള്ള തീരുമാനം ശരിവച്ച ഹൈക്കോടതി പിഴത്തുക 5000 രൂപ വീതമാക്കി കുറച്ചു.
ഓരോ ലക്ഷം രൂപ വീതം പിഴ ചുമത്തിയ അഡീ. സെഷൻസ് കോടതിയുടെ നടപടി കഠിനമായിപ്പോയെന്നും നിയമപരമായി നിലനിൽക്കില്ലെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി.