കൊച്ചി: ജിഷ വധക്കേസിൽ പ്രതി അമീറുൾ ഇസ്ലാമിനെതിരെ നിർണായകമായതു പ്രധാനമായും പത്തു തെളിവുകളാണ്. പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയ ഇതിൽ ഡിഎൻഎ അടക്കമുള്ള തെളിവുകൾ വഴിത്തിരിവായി.
കൃത്യം നടക്കുന്പോൾ പ്രതി അമീറുൾ ഇസ്ലാം ജിഷയുടെ വീട്ടിലുണ്ട് എന്നതിന് പൊലീസ് കണ്ടെത്തിയ തെളിവുകൾ ഇങ്ങനെയാണ്
1. ജിഷയുടെ ചുരിദാർ ടോപ്പിൽ നിന്ന് കണ്ടെത്തിയ ഉമിനീരിൽ നിന്ന് വേർതിരിച്ചെടുത്ത പ്രതിയുടെ ഡി എൻ എ.
2. കൊല്ലപ്പെട്ട ജിഷയുടെ കൈനഖങ്ങൾക്കടിയിൽ നിന്ന് കിട്ടിയ പ്രതിയുടെ ഡി എൻ എ. മുറിക്കുളളിലെ മൽപ്പിടുത്തത്തിലാണിത് സംഭവിച്ചത്.
3. അറസ്റ്റിലായതിനുശേഷം പരിശോധിച്ച ഡോക്ടറോട് വലതുകൈയ്യിലെ മുറിവ് ജിഷയുടെ വായ് പൊത്തിപ്പിടിച്ചതിനെത്തുടർന്ന് യുവതി കടിച്ചതിൽ സംഭവിച്ചതാണെന്ന പ്രതിയുടെ മൊഴി.
4. കൃത്യത്തിനായി പ്രതി ഉപയോഗിച്ച കത്തിയിൽ നിന്ന് വേർതിരിച്ചെടുത്ത ജിഷയുടെ ഡിഎൻഎ.
5. പ്രതിയുടെ ചെരുപ്പിൽ നിന്ന് കണ്ടെടുത്ത ജിഷയുടെ ഡി എൻ എ.
6. ജിഷയുടെ ചുരിദാർ സ്ലീവിലെ രക്തക്കറയിൽ നിന്ന് വേർതിരിച്ചെടുത്ത പ്രതിയുടെ ഡി എൻ എ.
7. ജിഷയുടെ വീടിന്റെ പിന്നാന്പുറത്തുളള ഡോർ ഫ്രെയിമിൽ നിന്ന് കണ്ടെടുത്ത രക്തക്കറയിൽ നിന്ന് വേർതിരിച്ചെടുത്ത പ്രതിയുടെ ഡിഎൻ എ.
8. ജിഷയുടെ വീടിന്റെ പിന്നാന്പുറത്തുനിന്ന് കണ്ടെത്തിയ ബീഡിയും ലൈറ്ററും അമീറുൾ ഇസ്ലാമിന്േറതാണെന്ന സാക്ഷി മൊഴികൾ.
9. കൃത്യത്തിനുശേഷം രക്ഷപെട്ട രക്ഷപെട്ട പ്രതിയെ അയൽവാസിയായ ശ്രീലേഖ മജിസ്ട്രേറ്റിന് മുന്നിൽ തിരിച്ചറിഞ്ഞത്.
10. പ്രതിയുടെ ചെരുപ്പിൽ നിന്ന് കണ്ടെത്തിയ മണലിന് ജിഷയുടെ വീടിന്റെ പിന്നാന്പുറത്തുളള മണലിനോടു സാദ്യശ്യമെന്ന ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട്.