കോഴിക്കോട്: ചീങ്കണ്ണിപ്പാലയിൽ അനധികൃതമായി നിർമിച്ചെന്നു പറയപ്പെടുന്ന തടയണയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് പി.വി.അൻവർ എംഎൽഎ. തടയണയുടെ ഉടമസ്ഥൻ താനല്ലാത്ത പക്ഷം അത് തനിക്കെങ്ങനെ പൊളിക്കാനാകുമെന്നു ചോദിച്ച എംഎൽഎ, ഇതിന്‍റെ ഉടമസ്ഥർ ആരാണോ അവർ പൊളിക്കട്ടെയെന്നും പറഞ്ഞു.
ചീങ്കണ്ണിപ്പാലയിൽ നിർമിച്ച തടയണ പൊളിക്കണമെന്ന് ദുരന്തനിവാരണ സമിതി ഞായറാഴ്ച നിർദേശം നൽകിയിരുന്നു. രണ്ടാഴ്ചയ്ക്കകം തടയണ പൊളിക്കണമെന്നാണ് ഉത്തരവ് നൽകിയത്. ചെറുകിട ജലസേചന വകുപ്പിനാണ് തടയണ പൊളിക്കാനുള്ള ചുമതല.
സ്ഥലം ഉടമസ്ഥൻ ഇതിനുള്ള ചെലവ് വഹിക്കണമെന്നും നിർദേശമുണ്ടായിരുന്നു. തടയണ സ്ഥലമുടമസ്ഥൻ പൊളിച്ചു മാറ്റാത്ത പക്ഷം ജില്ലാ ഭരണകൂടം ഇടപെടുമെന്നും ദുരന്തനിവാരണ സമിതി അറിയിച്ചിരുന്നു.