ദുബായ്: ഇന്നാരംഭിക്കുന്ന ദുബായ് സൂപ്പര്‍ സീരിസ് ടൈറ്റിലില്‍ കണ്ണും മനസുമുറപ്പിച്ച് ബാഡ്മിന്റണ്‍ സൂപ്പര്‍താരങ്ങളായ പി.വി. സിന്ധുവും കിഡംബി ശ്രീകാന്തും. വിജയത്തോടെ ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് താരങ്ങള്‍ അറിയിച്ചു.
പത്തുലക്ഷം യുഎസ് ഡോളറാണ് സമ്മാനത്തുക. ടോപ് എട്ടില്‍ വരുന്ന താരങ്ങള്‍ക്കാണ് ടൂര്ണമെന്റിലേക്ക് നേരിട്ടു പ്രവേശനം ലഭിക്കുന്നത്. റാങ്കിംഗില്‍ മൂന്നാമതുള്ള സിന്ധു ഒമ്പതാം റാങ്ക് താരം ഹൈ ബിംഗ് ജിയാവോയോടും നാലാം റാങ്കിലുള്ള ശ്രീകാന്ത് ഒന്നാം നമ്പര്‍ താരം വിക്ടര്‍ അക്സല്സെനിനോടും ആദ്യ റൗണ്ടില്‍ ഏറ്റുമുട്ടും. ദുബായിലെ ഷെയ്ഖ് ഹംദാന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്.
വ്യക്തിപരമായി ഏറെ വിജയങ്ങള്‍ നേടിയ ഒരു വര്‍ഷത്തിനൊടുവിലാണ് ഇരുവരും ദുബായ് സൂപ്പര്‍ സീരിസിലേക്കെത്തുന്നത്. ഇന്ത്യന്‍ ഓപ്പണ്‍, കൊറിയന്‍ ഓപ്പണ്‍ എന്നിവയ്ക്കു പുറമേ ലോകചാമ്പ്യന്‍ഷിപ്പ് വെള്ളിയും സിന്ധു സ്വന്തമാക്കി. ശ്രീകാന്തിന് ഇന്തോനേഷ്യ, ഓസ്ട്രേലിയ, ഡെന്മാര്ക്ക്, ഫ്രഞ്ച് ഓപ്പണുകൾ ലഭിച്ചു.