വൈപ്പിൻ: കൊടുങ്കാറ്റ് വിതച്ച ദുരന്തങ്ങൾക്കും തുടർന്നുള്ള ഭീഷണിക്കും ശേഷം കൊച്ചി-വൈപ്പിൻ മേഖലയിൽ നിന്നും പരന്പരാഗതമത്സ്യബന്ധന വള്ളങ്ങൾ കടലിൽ മത്സ്യബന്ധനത്തിനു പോയി തുടങ്ങി. ആദ്യ ദിനത്തിൽ കാര്യമായ മത്സ്യം ലഭിച്ചില്ലെങ്കിലും ഇന്നലെ പല വള്ളങ്ങൾക്കും കുറഞ്ഞ തോതിൽ ചാള ലഭിച്ചു.
കഴിഞ്ഞ ശനിയാഴ്ച വള്ളങ്ങൾ പോയെങ്കിലും കോസ്റ്റ് ഗാർഡ് ഇവരെ തിരിച്ചു വിട്ടിരുന്നു. തുടർന്ന് മത്സ്യത്തൊഴിലാളികൾ പ്രതിഷേധമറിയിച്ചതിനെ തുടർന്ന് തിങ്കളാഴ്ച മുതൽ വള്ളങ്ങളെ തടഞ്ഞില്ല. ഇപ്പോഴും മുന്നറിയിപ്പുകൾ ഉള്ളതിനാൽ കൊച്ചി തീരം വിട്ട് വള്ളങ്ങൾ കാര്യമായി അകലത്തിലേക്ക് പോകാറില്ല.
കാലാവസ്ഥയിൽ എന്തെങ്കിലും വ്യതിയാനം ഉണ്ടായാൽ എത്രയും പെട്ടെന്ന് കരയിലെത്താം കഴിയുന്ന ദൂരത്തിലാണ് ഇപ്പോൾ മത്സ്യബന്ധനം എന്നാണ് തൊഴിലാളികൾ പറയുന്നത്. അതേ സമയം കൊടുങ്കാറ്റും കടൽക്ഷോഭത്തിനും മുന്പ് കൊച്ചി തീരക്കടലിൽ കണ്ടിരുന്ന സമൃദ്ധമായ ചാളയുടെ സാന്നിധ്യം ഇപ്പോൾ ഇല്ലെന്നാണ് മത്സ്യതൊഴിലാളികൾ പറയുന്നത്. ചാള വടക്കൻ മേഖലയിലേക്ക് പാലായനം ചെയ്തുവെന്നും തൊഴിലാളികൾ പറയുന്നു.
വള്ളങ്ങൾ പോയി തുടങ്ങിയെങ്കിലും ബോട്ടുകൾ പൂർണ്ണമായും കടലിലേക്ക് പോയി തുടങ്ങിയിട്ടില്ല. ഇതിനാൽ മുനന്പം, മുരുക്കും പാടം മേഖലകളിലെ ഹാർബറുകൾ പൂർണമായ തോതിൽ പ്രവർത്തനം തുടങ്ങിയിട്ടില്ല. രണ്ട് ദിവസമായി കുറഞ്ഞ ബോട്ടുകൾ പണിക്കു പോയി കുറഞ്ഞ തോതിൽ മത്സ്യവുമായി എത്തുന്നതൊഴിച്ചാൽ ഈ മേഖല ശാന്തമാണ്.