സ്വന്തം ലേഖകൻ
പെരുന്പാവൂർ: കോളിളക്കം സൃഷ്ടിച്ച പെരുന്പാവൂരിലെ ജിഷ വധക്കേസിലെ പ്രതിയെ കുറ്റക്കാരനെന്നു കണ്ടെത്തി കോടതി ശിക്ഷ വിധിക്കുന്പോൾ കേസിന്റെ സങ്കീർണവഴികളിൽ വലഞ്ഞതിന്റെ ആവലാതികളാണ് അയൽവാസികൾക്കു പങ്കുവയ്ക്കാനുള്ളത്.
കേസന്വേഷണത്തിന്റെ ഭാഗമായി കുറുപ്പംപടി വട്ടോളിപ്പടിയിലെ നിരവധിപ്പേരെ പോലീസ് പലവട്ടം ചോദ്യം ചെയ്തിരുന്നു. ചിലരെ ചോദ്യം ചെയ്യലിന്റെ ഭാഗമായി അകാരണമായി പോലീസ് മർദിച്ചതായും പരാതി ഉയർന്നു. ജിഷയുടെ അയൽവാസിയായ ഓട്ടോ ഡ്രൈവർ സാബുവിനെ ആത്മഹത്യയിലേക്കു നയിച്ചതു കേസിന്റെ പേരിൽ തുടർച്ചയായ ചോദ്യം ചെയ്തതിലുള്ള മനോവിഷമമായിരുന്നുവെന്നു ബന്ധുക്കൾ ആരോപിക്കുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ പീഡനവും മർദനവും ഏൽക്കേണ്ടിവന്നതു സാബുവിനാണ്. അവിവാഹിതനായ ഇദ്ദേഹം ഓട്ടോ ഡ്രൈവറും പെയിന്റിംഗ് തൊഴിലാളിയുമായിരുന്നു. ഇരുപതു തവണയാണു കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ പോലീസ് വിളിപ്പിച്ചത്. രണ്ടു ദിവസം തുടർച്ചയായി കസ്റ്റഡിയിൽ വച്ചു പോലീസ് പീഡിപ്പിച്ചിച്ചതായി സാബു വെളിപ്പെടുത്തിയിരുന്നു.
കടുത്ത പീഡനമേറ്റതിൽ മനംനൊന്താണു കഴിഞ്ഞ ഓഗസ്റ്റിൽ സാബു ആത്മഹത്യ ചെയ്തതെന്നാണു ബന്ധുക്കൾ പറയുന്നത്. ജിഷയുടെ മാതാവുമായി നേരത്തെയുണ്ടായ വാക്കുതർക്കമാണു സാബുവിനെ ചോദ്യം ചെയ്യാൻ പോലീസിനെ പ്രേരിപ്പിച്ചത്. ജിഷയുടെ വീടിനു സമീപം കലുങ്കിൽ നെല്ല് ഉണക്കുന്നതും ഓട്ടോറിക്ഷ കനാലിൽ മറിഞ്ഞതുമായി ബന്ധപ്പെട്ടാണു ജിഷയുടെ മാതാവും സാബുവും തമ്മിൽ വാക്കുതർക്കമുണ്ടായത്. മൊഴിയെടുക്കലിന്റെ ഘട്ടങ്ങളിൽ ജിഷയുടെ മാതാവ് സാബുവിന്റെ പേര് പലപ്പോഴും പറഞ്ഞിരുന്നു. ചോദ്യം ചെയ്തപ്പോൾ ഭയംമൂലം പരസ്പരവിരുദ്ധമായ കാര്യങ്ങളായിരുന്നുവത്രെ സാബു പറഞ്ഞിരുന്നത്.
ഡിഎൻഎ ടെസ്റ്റിന്റെ പേരിൽ സാബു ഉൾപ്പടെയുള്ള അഞ്ചു പേരെ പോലീസ് പ്രദേശത്തുനിന്നു വിളിപ്പിച്ചിരുന്നു. സംഭവം നടന്ന ദിവസം വൈകുന്നേരം ജിഷ വെള്ളം കൊണ്ടു പോകുന്നതു കണ്ട ഡിഇഒ ഓഫീസിലെ റിട്ടയേർഡ് ജീവനക്കാരനായ രാമചന്ദ്രൻ കേസിന്റെ പേരിൽ നിരവധി തവണ പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങി. മറ്റൊരാൾക്കു പല്ലിന്റെ വിടവിന്റെയും വീട്ടിലെ തുണിയിൽ രക്തക്കറ കണ്ടതിന്റെയും പേരിലാണു ചോദ്യം ചെയ്യലുകൾക്കു വിധേയനാകേണ്ടിവന്നത്. രാത്രി ജിഷയുടെ നിലവിളി കേട്ടെന്നു വെളിപ്പെടുത്തലാണു സേവ്യർ എന്ന തൊഴിലാളിയെ സ്റ്റേഷനിൽ കയറിയിറങ്ങേണ്ട സ്ഥിതിയിലേക്കു നയിച്ചത്.
എനിക്കാരെയും വിശ്വാസമില്ലെന്ന ജിഷയുടെ വാക്കുകൾ ശ്രദ്ധയിൽപ്പെടുത്തിയതിനു ശ്രീശങ്കര കോളജിലെ ജീവനക്കാരനും അയാളുടെ ഭാര്യയും പോലീസിന്റെ അന്വേഷണവഴികളിൽ വലഞ്ഞവരുടെ പട്ടികയിലുണ്ട്. തങ്ങളെ അകാരണമായി പോലീസ് പീഡിപ്പിക്കുന്നുവെന്ന അയൽവാസികളുടെ പരാതി സമരപരിപാടികളിലേക്കു നീങ്ങുന്ന ഘട്ടത്തിലാണു മുഖ്യപ്രതി അമീറുൾ ഇസ്ലാം പിടിയിലായത്.
കുറ്റം ചെയ്തിട്ടില്ല: അമീറുൾ ഇസ്ലാം
കൊച്ചി: താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നു ജിഷ വധക്കേസിൽ കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ പ്രതി അമീറുൾ ഇസ്ലാം. ഇന്നു രാവിലെ കോടതിയിൽ എത്തിച്ചപ്പോൾ മാധ്യമപ്രവർത്തകരോടായിരുന്നു അമീറൂളിന്റെ ഇത്തരത്തിലുള്ള പ്രതികരണം. ജിഷയെ കൊന്നത് ആരാണെന്നു തനിക്കറിയില്ല താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നാണു അമീറുൾ വ്യക്തമാക്കിയത്.