ഭര്‍ത്താവിനെ പിതാവും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി! പിതാവിനും ബന്ധുക്കള്‍ക്കും വധശിക്ഷയും; ദുരഭിമാനക്കൊലയിലൂടെ ജീവിക്കുന്ന രക്തസാക്ഷിയായ കൗസല്യയുടെ ജീവിതം ഇപ്പോഴിങ്ങനെ

തമിഴ്‌നാട്ടില്‍ മകളെ വിവാഹം കഴിച്ച അന്യജാതിക്കാരനായ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ യുവതിയുടെ പിതാവ് അടക്കം ആറുപേര്‍ക്ക് തിരിപ്പൂര്‍ ജില്ലാ കോടതി വധശിക്ഷ വിധിച്ചിരിക്കുന്നു. എന്‍ജിനീറിംഗ് വിദ്യാര്‍ഥിയായ ശങ്കറിനെ (22) ഭാര്യ കൗസല്യയുടെ (19) പിതാവ് ചിന്നസ്വാമിയടക്കമുള്ള പ്രതികള്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 13 ന് ഉദുമല്‍പ്പേട്ട ബസ് സ്റ്റാന്‍ഡില്‍ വച്ച് വെട്ടിക്കൊന്ന കേസിലാണ് കോടതി അന്തിമ വിധി പ്രഖ്യാപിച്ചത്.

2015 ജൂലൈ 12 ന് പഴനി പദവിനായകം കോവിലില്‍വെച്ചാണ് കൗസല്യയും ശങ്കറും വിവാഹിതരായത്. വിവാഹ ബന്ധം വേര്‍പെടുത്താന്‍ കൗസല്യയുടെ വീട്ടുകാര്‍ പലതവണ നിര്‍ബന്ധിച്ചിരുന്നു. 2016 മാര്‍ച്ച് 13 നാണ് വാടകക്കൊലയാളിയുടെ സംഘം ശങ്കറിനെ വെട്ടിക്കൊലപ്പെടുത്തിയത്. കൗസല്യ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലുമായി.

കൗസല്യയെ സംബന്ധിച്ച് പറഞ്ഞാല്‍, സ്‌നേഹിച്ച പുരുഷന്‍ കൊല്ലപ്പെട്ടു. അതാകട്ടെ, സ്വന്തം പിതാവിന്റെയും ബന്ധുക്കളുടെയും കൈകൊണ്ട്. ശിക്ഷയായി അവര്‍ക്കിപ്പോള്‍ വധശിക്ഷയും. കൗമാരക്കാരിയായ ഒരു പെണ്‍കുട്ടിയുടെ ജീവിതം ഇരുളടയാന്‍ ഇതില്‍ക്കൂടുതല്‍ എന്തുവേണം. ഭര്‍ത്താവ് നഷ്ടപ്പെട്ട വേദനയില്‍ കുഴിമാടത്തിന് മുന്നില്‍ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു കൗസല്യ.

എന്നാല്‍ അത് പരാജയപ്പെട്ടതോടെ ജീവിതത്തിന്റെ വില കുറേശ്ശേ അറിഞ്ഞു തുടങ്ങി. മകനെ നഷ്ടപ്പെട്ടെങ്കിലും ശങ്കറിന്റെ കുടുംബം കൗസല്യയ്ക്ക് താങ്ങും തണലുമായി. പിന്നീടാണ് വിധിയ്ക്ക് വിധേയയായി നിന്നുകൊടുക്കാന്‍ മനസില്ലെന്ന് കൗസല്യ തീരുമാനിച്ചത്.

ഇന്ന് ദളിത് സ്ത്രീകളുടെ ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച സാമൂഹിക പ്രവര്‍ത്തകയാണ് കൗസല്യ. ശങ്കര്‍ തനിപ്പയര്‍ച്ചി മണ്‍റം എന്നാണ് കൗസല്യ ആരംഭിച്ച സംഘടനയുടെ പേര്. ദളിത് സ്ത്രീകളെ സ്വയം പര്യാപ്തമാക്കുകയാണ് ലക്ഷ്യം. തമിഴ്നാട്ടില്‍ ദുരഭിമാനക്കൊലയ്ക്ക് ഇരയായവരുടെ വിധവകളെ സംരക്ഷിക്കുന്ന സംഘടനയാണ് ഇത്. നിലവില്‍ തമിഴ്നാട് റവന്യു വകുപ്പില്‍ ജോലി ചെയ്യുകയാണ് കൗസല്യ.

 

Related posts