കണ്ണൂർ: വാരം കടാങ്കോട് കരിക്കൻചിറയിൽ യൂത്ത് ലീഗ് പ്രവർത്തകൻ ഷരീഫിനെ (27) വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ.പള്ളിപ്രം സ്വദേശികളായ മുഹമ്മദ് ഫസീം (22), ഷുഹൈബ് (23) എന്നിവരാണ് അറസ്റ്റിലായത്.
സിറ്റി സിഐ കെ.വി. പ്രമോദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഒരാളെകൂടി പിടികിട്ടാനുണ്ടെന്നു പോലീസ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു ഷെരീഫിനു കുത്തേറ്റത്. കുത്തേറ്റു ഷരീഫിന്റെ കുടൽമാല പുറത്തായനിലയിലായിരുന്നു.
ഷെരീഫിന്റെ വയറിനു രണ്ടു വെട്ടും പുറത്ത് ഒരു വെട്ടും ഏറ്റിരുന്നു. പരിയാരം മെഡിക്കൽ കോളജിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ഷെരീഫ് അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മുഹമ്മദ് വസീം നേരത്തെ ഒരു ബിജെപി പ്രവർത്തകന്റെ ബൈക്ക് കത്തിച്ച കേസിലും പ്രതിയാണെന്നു പോലീസ് പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർ ഉപയോഗിക്കുന്ന സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചാണ് കുത്തിയതെന്നാണ് പ്രാഥമിക നിഗമനം. ചെറുതും മൂർച്ചയേറിയതുമായ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് കുത്തുന്പോൾ ആന്തരാവയവം ഉൾപ്പെടെയുള്ളവ തകരാറിലാവുന്ന സാധ്യത ഏറെയാണ്. ഷർട്ടിന്റെ കീശയിൽപോലും കൊണ്ടുനടക്കാവുന്ന സർജിക്കൽ ബ്ലേഡ് ആയുധ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടില്ല എന്നതിനാൽ ഇപ്പോൾ വ്യാപകമായി ക്രിമിനലുകളും ഗുണ്ടാസംഘങ്ങളും ഇതാണ് ഉപയോഗിക്കുന്നതെന്ന് പോലീസ് റിപ്പോർട്ടുണ്ട്.