ന്യൂഡൽഹി: ലോകവ്യാപകമായി ബിറ്റ്കോയിൻ ക്രിപ്റ്റോകറൻസി ഭ്രമം ഉയർന്നുവരുന്ന സാഹചര്യത്തിൽ ആദായനികുതി വകുപ്പും രംഗത്ത്. രാജ്യത്തെ പ്രധാന ബിറ്റ്കോയിൽ എക്സ്ചേഞ്ചുകൾ കണ്ടെത്താനുള്ള സർവേ വകുപ്പ് തുടങ്ങിക്കഴിഞ്ഞു. ബിറ്റ്കോയിൻ ഭ്രമത്തിനെതിരേ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്കിയിരുന്നു.
ആദായനികുതി വകുപ്പിന്റെ വിവിധ വിഭാഗങ്ങളിലുള്ള അന്വേഷണ സംഘങ്ങൾ ഡെൽഹി, ബംഗളൂരു, ഹൈദരാബാദ്, കൊച്ചി, ഗുരുഗ്രാം തുടങ്ങിയ സ്ഥലങ്ങളിലെ ഒന്പത് എക്സ് ചേഞ്ച് കേന്ദ്രങ്ങളിൽ ഇന്നലെ അന്വേഷണം നടത്തിയിരുന്നു. ബിറ്റ്കോയിനെതിരേ രാജ്യവ്യാപകമായി ഇത്രവലിയ അന്വേഷണം നടക്കുന്നത് ആദ്യമായാണ്. നികുതിവെട്ടിപ്പ് നടത്തി ബിറ്റ്കോയിനിൽ നിക്ഷേപം നടത്തുന്നവരെ കണ്ടെത്തുകയാണ് അന്വേഷണത്തിന്റെ പ്രഥമ ലക്ഷ്യം.
അതേസമയം, ദക്ഷിണ കൊറിയ ബിറ്റ്കോയിൻ നിരോധിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ബിറ്റ്കോയിൻ ഇടപാടുകൾ നടത്തുന്ന എക്സ്ചേഞ്ചുകൾക്കും പൂട്ടു വീഴും. ദക്ഷിണ കൊറിയൻ സർക്കാർ ഇന്നലെ ചേർന്ന അടിയന്തര യോഗത്തിലാണ് നിരോധന തീരുമാനമെടുത്തത്. വൈകാതെ ഇത് നടപ്പിലാക്കും.
ഈ വർഷം തുടക്കത്തിൽ കേവലം ആയിരം ഡോളർ മൂല്യമുണ്ടായിരുന്ന ബിറ്റ്കോയിൻ പൊടുന്നനെയാണ് കുതിച്ചുയർന്നത്. ഇപ്പോൾ 17,250 ഡോളറാണ് ഒരു ബിറ്റ് കോയിന്റെ വില. വില മുകളിലേക്ക് ഉയരുന്ന പ്രവണതയാണ് ഇപ്പോഴും. എന്നാൽ, ഇത് ഹ്രസ്വകാലത്തേക്കേ ഉണ്ടാവൂ എന്ന വിലയിരുത്തലും മുന്നറിയിപ്പും സാന്പത്തികവിദഗ്ധർ നല്കുന്നുണ്ട്.