ജിഷ വധക്കേസില്‍ പ്രതി അമിറുള്‍ ഇസ്ലാമിന് വധശിക്ഷ. 19 മാസങ്ങള്‍ക്കുള്ളില്‍ വിധിപ്രഖ്യാപിച്ച് കോടതി ചരിത്രമിട്ടു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ഇന്നലെ പ്രോസി ക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ടശേഷമാണു ശിക്ഷ വിധിക്കുന്നത് ഇന്നത്തേക്കു മാറ്റിവച്ചത്.
ശക്തമായ വാദമുഖങ്ങളാണു പ്രോസിക്യൂഷനും പ്രതിഭാഗം അഭിഭാഷകനും കോടതിയില്‍ ഉയര്‍ത്തിയത്. പ്രതിക്കു വധശിക്ഷ നല്‍കുന്നതിനായി അപൂര്‍വങ്ങളില്‍ അപൂര്‍വ കേസായി പരിഗണിക്കണമെന്നു സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും വിധികള്‍ ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന് ആവശ്യപ്പെട്ടപ്പോള്‍ പ്രതിയുടെ പ്രായം കൂടി കണക്കിലെടുത്തു കരുണ കാണിക്കണമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം.
പ്രതി കൊലയും അതിക്രൂര പീഡനവും നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. കുത്തേറ്റതിന്റെ 33 പാടുകള്‍ ജിഷയുടെ ശരീരത്തില്‍ ഉണ്ടായിരുന്നു. പ്രതി ഒരുവിധ സഹതാപവും അര്‍ഹിക്കുന്നില്ല. ജിഷയുടെ കുടുംബത്തിനു മതിയായ നഷ്ടപരിഹാരം വേണമെന്നും പ്രോസിക്യൂഷന് വാദിച്ചു. പ്രൊസിക്യൂഷന് വാദത്തിന് ഒടുവില്‍ വിജയം ലഭിക്കുകയായിരുന്നു.