മുളങ്കുന്നത്തകാവ്: മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് രണ്ട് വർഷമുന്പ് നിർമാണം പൂർത്തികരിച്ച കണ്സ്യൂമർ സ്റ്റോറിൽ രാത്രികാലങ്ങളിൽ മദ്യ സേവയും അനാശാസ്യ പ്രവർത്തനങ്ങളും. നിർമാണം പൂർത്തികരിച്ചിട്ടും ഇതു വരെ കെട്ടിടം തുറന്ന് പ്രവർത്തിപ്പിച്ചിട്ടില്ല. സ്വകാര്യ കടയുടമയുടെയും ആശുപത്രി ഓഫിസ് അധികൃതരുടെയും അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിനു കാരണമെന്നു പറയുന്നു.
കെട്ടിടത്തിന്റെ പരിസരം മലമൂത്ര വിസർജനത്തിനു വേണ്ടിയാണ് ജനം ഇപ്പോൾ ഉപയോഗിക്കുന്നത്. വേറെ സൗകര്യം ആശുപത്രിയിൽ ഇല്ലാത്തതാണ് ഇതിനു കാരണം. രാത്രികാലങ്ങളിൽ ഇരുട്ട് പിടിച്ച് കിടക്കുന്ന ഇവിടം സാമൂഹ്യ വിരുദ്ധരുടെ സ്വൈര്യവിഹാരം ആണ്. മദ്യം വാങ്ങി കൊണ്ടുവന്ന് കൂട്ടമായി ഇരുന്ന് കുടിക്കാനാണ് ഇപ്പോൾ കെട്ടിട പരിസരം ഉപേയാഗിക്കുന്നത്.
ആശുപത്രിയിൽ എത്തുന്നവർക്ക് വേണ്ടി വരുന്ന സ്റ്റേഷനറി വിഭാഗങ്ങൾ, ഓപ്പറേഷൻ തിയേറ്ററിൽ രോഗികൾക്ക് ആവശ്യമായ തുണികൾ, മറ്റു വസത്രങ്ങൾ, പായ, പുതപ്പ്, ബക്കറ്റുകൾ, സോപ്പ്, ചീപ്പ് അടക്കുമുള്ളവ കുറഞ്ഞ നിരക്കിൽ വിൽപ്പന നടത്തുവാൻ വേണ്ടി ആശുപത്രി വികസന ഫണ്ടിൽ നിന്ന് ലക്ഷങ്ങൾ ചെലവഴിച്ചാണ് മൂന്ന് വർഷംമുന്പ് ജില്ലാ കളക്ടർ ചെയർമാനായ ആശുപത്രി വികസന സമിതി കെട്ടിട നിർമാണത്തിന് അനുമതി നൽകിയത്. എന്നാൽ കെട്ടിട നിർമാണം പൂർത്തികരിച്ചപ്പോൾ ഇതിനെതിരെ പരാതി കൊടുക്കുകയായിരുന്നു.
കെട്ടിടത്തിന്റെ മുകളിൽ കൂടി വൈദ്യുതി കന്പി കടന്ന് പോകുന്നു എന്നാണ് കാരണമായി ചൂണ്ടി കാട്ടിയത്. ലക്ഷങ്ങൾ ചിലവഴിച്ച് പൊതുമാരാമത്ത് വകുപ്പ് എൻഞ്ചിനിയർമാർ പരിശോധിച്ച് എസ്റ്റിമേറ്റ് ഉണ്ടാക്കി നൽകിയ കെട്ടിടത്തിനെതിരെ നൽകിയ വ്യജ പരാതി സംബന്ധിച്ച് തുടർ നടപടിയെടുക്കാൻ ഇതുവരെ അധികൃതർക്ക് സാധിച്ചിട്ടില്ല. മാസത്തിൽ വാടക ഇനത്തിൽ മെഡിക്കൽ കോളജിന് ലഭിക്കേണ്ട വൻ തുകയും ഇതു വഴി നഷടപ്പെട്ട് കൊണ്ടിരിക്കുകയാണ്. വർഷം മൂന്ന് കോടി രൂപ വരെ ലഭിക്കുന്ന വനിത കാന്റീനും ഇതു പോലെ പൂട്ടി കിടക്കുകയാണ്.